മുംബൈ: ബുള്ളി ബായ് ആപ്പ് വഴി മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിലെ പ്രധാന പ്രതിയായ സ്ത്രീ കസ്റ്റഡിയിൽ. ഉത്തരാഖണ്ഡിൽ നിന്നുള്ള ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ 21കാരനുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു. വിശാൽ കുമാർ എന്ന 21കാരനാണ് നേരത്തെ പിടിയിലായത്. ഇയാൾ ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.

മുസ്ലിം യുവതികളുടെ ചിത്രങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം സ്ത്രീകൾക്ക് എതിരെ അധിക്ഷേപ പ്രാരണം നടന്നത്. യുവതികളുടെ ചിത്രങ്ങൾ സഹിതം വിൽപ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് സൈബർ സെൽ വിഭാഗം അന്വേഷണം ആരംഭിച്ചത്.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. വലിയ വിവാദങ്ങൾ സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിൻ തുടങ്ങിയത്. സുള്ളി ഡീൽസ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.

ദ വയർ, ദ ഹിന്ദു, ന്യൂസ്ലോൺഡ്രി അടക്കമുള്ള മാധ്യമങ്ങൾക്കു വേണ്ടി റിപ്പോർട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്ലിം വിദ്വേഷ ക്യാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോകൾ ചേർത്തുവച്ച് ബുള്ളി ബായ് ആപ്പിൽ വിൽപ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തത്. പിന്നാലെ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നു.

സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസ് ഒരാളെ പിടികൂടിയത്. സമൂഹത്തിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ. സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഡൽഹി പൊലീസും മുംബൈ പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുൻപ് 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്.

ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.

നിരവധി മുസ്ലിം സ്ത്രീകളുടെ വിവരങ്ങൾ ഈ ആപ് ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചിരുന്നു.

മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്ന 'ബുള്ളി ബായ്' ആപ്പിനെതിരെ കഴിഞ്ഞ ദിവസം തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഡൽഹി, മുംബൈ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുള്ളി ബായ് ആപ് ഹോസ്റ്റ് ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് നേരത്തെ തന്നെ ആപ് ബ്ലോക്ക് ചെയ്തിരുന്നു.

ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് സിസ്റ്റവും (സിഇആർടി) പൊലീസും തുടർനടപടികൾക്കായി സഹകരിക്കുന്നുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. വിഷയം പരിശോധിക്കാനും സൈബർ സെല്ലുമായി ഏകോപിപ്പിക്കാനും ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 153 (എ), 153 (ബി), 295 (എ) പ്രകാരം ബുള്ളി ബായ് ആപ്പിന്റെ ഡവലപ്പർക്കെതിരെയും ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തയാൾക്കെതിരെയും കേസെടുത്തതായി ശിവസേന രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.

വിഷയത്തിൽ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മീഷനും ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്മത്ത് ആരയുടെ പരാതിയെ തുടർന്നാണ് കമ്മീഷൻ അധ്യക്ഷ രേഖ ശർമ ഇക്കാര്യം ശ്രദ്ധിച്ചത്. താനും ആപ്പിന് ഇരയായെന്ന് ഇസ്മത്ത് പറഞ്ഞിരുന്നു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ സൈബർ പൊലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർ പിന്നീട് പറഞ്ഞിരുന്നു. ഐപിസി, 153 എ, 153 ബി, 354 എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗിറ്റ്ഹബ് എപിഐയിൽ നിർമ്മിച്ചതും 'സുള്ളി ഡീൽ' ആപ് പോലെ പ്രവർത്തിക്കുന്നതുമായ ഒരു ആപ്പാണ് 'ബുള്ളി ബായ്'. ഗിറ്റ്ഹബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ മുസ്ലിം സ്ത്രീകളുടെ ആക്ഷേപകരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ലേലം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. ഇത്തരം സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ ഡീലുകളൊന്നുമല്ല നടക്കുന്നത്. ബുള്ളി എന്ന വാക്ക് മുസ്ലിം സ്ത്രീകളെ തരംതാഴ്‌ത്താനായി ട്രോളർമാർ ഉപയോഗിക്കുന്നതാണ്. മുസ്ലിം സ്ത്രീകളെ തരംതാഴ്‌ത്താനും അപമാനിക്കാനുമാണ് ആപ്പിന്റെ ലക്ഷ്യം. സമൂഹത്തിൽ തിരിച്ചറിയപ്പെടുന്ന മുസ്ലിം സ്ത്രീകളെയാണ് അപമാനിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.