മുംബൈ: ആളുകളെക്കൂട്ടി കാളയുടെ ജന്മദിനമാഘോഷിച്ച യുവാവിന്റെയും സുഹൃത്തുക്കളുടെയും പേരിൽ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം.കോവിഡ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും നൂറോളംപേർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.കോവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരിലാണ് ഇവർക്കെതിരെ കേസ്.

ആഘോഷദൃശ്യങ്ങൾ തരംഗമായതോടെയാണ് കാളയുടെ ഉടമയും ഡോംബിവ്ലി സ്വദേശിയുമായ കിരൺ മാത്രേയുടെയും സുഹൃത്തുക്കളുടെയും പേരിൽ ഡോംബിവ്ലി വിഷ്ണുനഗർ പൊലീസ് കേസെടുത്തത്.ഒരുകൂട്ടം യുവാക്കൾ കാളയെ നടുക്കുനിർത്തി പിറന്നാൾ കേക്ക് മുറിക്കുന്നതും 'ഹാപ്പി ബർത്ത് ഡേ ടു യൂ ഷെഹൻഷാ' എന്നുപാടുന്നതും വീഡിയോയിൽ കാണാം.

കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കല്യാൺ-ഡോംബിവ്ലി മേഖലയിൽ നഗരസഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി 416 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.