കാസർകോട്: പ്ലസ്ടു വിജയവുമായി ബന്ധപ്പെട്ട് അൽ ബനാത്ത് ചെറുവാടി വിദ്യാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തിലേക്ക്. മുഖം മൂടിയതും വിദ്യാർത്ഥികളെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ചിത്രങ്ങൾ പോസ്റ്ററിന് വേണ്ടി ഉപയോഗപ്പെടുത്തിയതാണ് വിമർശനവിധേയമായി മാറിയത്. മുസ്ലിം വിഭാഗത്തിലെ തന്നെ സാമൂഹ്യ രംഗത്തെ പ്രഗൽഭരും ഈ പോസ്റ്ററുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. എന്നാൽ പരസ്യപ്പെടുത്തുന്ന ചിത്രത്തിലെ നിഖാബ് ( മുഖം മൂടി.

മുഖാവരണം) വിദ്യാലയത്തിലെ വിപണന തന്ത്രം മാത്രമാണെന്നും ഇത് പ്രതിഷേധത്തിന് കാരണമാകുമെന്നും ഒരു രൂപ പോലും ചെലവില്ലാതെ ലഭിക്കുന്ന പരസ്യം മാത്രമാണ് ഇവർ ലക്ഷ്യമിട്ടതെന്നും വാദമുയർത്തി മറ്റുചിലരും രംഗത്തുവന്നു . അതേസമയം മുഖാവരണ വിവാദത്തെക്കുറിച്ച് ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഡ്വ. ഷുക്കൂർ.

പെൺമക്കളുടെ മുഖം പോലും റദ്ദു ചെയ്യുന്ന കണ്ടീഷനിംഗാണ് നമുക്കിടയിൽ വ്യാപകമായി നടക്കുന്നതന്ന് കുറിപ്പിൽ ആമുഖമായി പറയുന്നു. മുഖമില്ലാത്ത ഈ മനുഷ്യർ വെറും അക്കങ്ങളോ അക്ഷരങ്ങളോ മാത്രമല്ലെന്നും അവർക്കു മനുഷ്യരെന്ന നിലയിൽ എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാണ് നാം തിരിച്ചറിയുക. ഷുക്കൂർ വക്കീൽ തുടരുന്നു..

മുഖം മൂടിയിട്ട് വ്യക്തിത്വം റദ്ദു ചെയ്യുന്ന വസ്ത്ര ധാരണത്തെ വസ്ത്ര സ്വാതന്ത്ര്യമായി കൂട്ടി കെട്ടുന്ന പുരോഗമന വാദികളൊക്കെ ആത്മ പരിശോധന നടത്തുന്നതു നല്ലതാണ്. ബുർക്കയും പർദ്ദയും ഹിജാബും നിഖാബും തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ നമുക്കു അനുഭവം കൊണ്ടറിയാം.

അതുകൊണ്ടു മുഖം മൂടുന്ന വസ്ത്ര രീതിക്കെതിരെ പറയുന്നതിനെ പർദ്ദക്കും ഹിജാബിനും എതിരെയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം നിഖാബ് ( മുഖം മൂടി) വാദം നിങ്ങൾക്ക് തന്നെ ബോധ്യപ്പെടുന്നില്ല എന്നതിന്റെ അടയാളമാണ്. മുഖം, ഒരു മനുഷ്യന്റെ തിരിച്ചറയാനുള്ള ഭാഗമാണ്. മുഖം മൂടി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് വളർച്ച വന്ന ഒരു സമൂഹത്തിന്റെ അടയാളമല്ല.

മുഖം മൂടുന്ന വസ്ത്രം , വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുത്തി , ബിക്കിനി വാദം ഉന്നയിച്ചു മറു വാദം പറയുന്നത് ദുർബലമായ അവസ്ഥയാണ് സഹോദരങ്ങളെ .., മുഖം തുറന്നു നമ്മുടെ മക്കൾ ലോകം കാണട്ടെ , നമ്മുടെ മക്കളെ ലോകവും കാണട്ടെയെന്ന് പറഞ്ഞാണ് ഇദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം മുഖാവരണം ധരിക്കുന്നതും ധരിക്കാത്തത് വ്യക്തിസ്വാതന്ത്ര്യം ആണെന്ന് എങ്ങനെ വസ്ത്രം ധരിക്കണം എന്നൊക്കെ പറയുന്നത് ഫാസിസത്തിന്റെ മറ്റൊരു രൂപമാണെന്ന് ചിത്രത്തെ പിന്തുണക്കുന്നവർ പറയുന്നു.