ബംഗളൂരു: ബസ് യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ അമിത ശബ്ദത്തിൽ പാട്ട് കേൾക്കുകയോ വീഡിയോ പ്ലേ ചെയ്യുകയോ ചെയ്യരുതെന്ന് കർണാകട ഹൈക്കോടതി. ഇത്തരം പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ഇത്തരംകാര്യങ്ങൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാൽ പുതിയ ഉത്തരവ് ഉടൻ നടപ്പിലാക്കുകയും ബസ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നവരെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളിലെ കണ്ടക്ടർമാർ വിലക്കും. യാത്രക്കാർ ഇത് പാലിച്ചില്ലെങ്കിൽ അവരെ വാഹനത്തിൽ നിന്ന് ഇറക്കിവിടാമെന്നും കോടതി വ്യക്തമാക്കി. അവർക്ക് ടിക്കറ്റ് പണം തിരികെ നൽകേണ്ടെന്നും കോടതി നിർദേശിച്ചു.