കോഴിക്കോട്: സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി കടന്നുകളഞ്ഞ യുവാവ് കോട്ടയത്ത് പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് മോഷ്ടിച്ച ബസ്സുമായി ഞായറാഴ്ച പുലർച്ചെ കുമരകം പൊലീസിന്റെ പിടിയിലായത്.

സമ്പൂർണ ലോക്ക്‌ഡൗൺ തുടങ്ങിയ ശനിയാഴ്ച രാത്രി ഒമ്പത് മാണിയോടുകൂടിയാണ് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സ് യുവാവ് മോഷ്ടിച്ചത്. സ്റ്റാൻഡ് വിജനമായതുകൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിത്തില്ല.

നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയിൽ നിന്ന് 250-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് ജില്ല അതിർത്തികളും കടന്ന് കോട്ടയം കുമരകത്ത് എത്തിയിരുന്നു.

രാവിലെ കുമരകം പൊലീസ് സ്റ്റേഷൻ അതിർത്തിയായ കവണാറ്റിൻകരയിൽ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിലാണ് ബിനൂപ് കുടുങ്ങിയത്.

കോവിഡ് കാരണം ലോക്ഡൗണും കർശന ചെക്കിംഗുമുള്ള ഈ സമയത്ത് റാന്നിക്ക് പോകുകയാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രാവിലെ പൊലീസ് വിളിച്ചപ്പോഴാണ് ബസ്സ് മോഷണം പോയ വിവരം ഉടമ അറിയുന്നത് പോലും.

ജില്ലാ അതിർത്തികൾ കടന്ന് വന്ന ബസ്സ് കർശന പൊലീസ് പരിശോധനക്കിടയിലും ഒരിടത്തും പിടിച്ചില്ല എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ബസ്സ് ഓടിച്ചിരുന്ന ബിനുപ് മുമ്പ് ബാറ്ററി മോഷണ കേസിൽ പ്രതിയാണെന്ന് പൊലീസ് അന്വഷണത്തിൽ വ്യക്തമായതായി കുമരകം എസ് ഐ.എസ് സുരേഷ് വെളിപ്പെടുത്തി. 

ലോക്‌ഡൗൺ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തിൽ കണ്ട സ്വകാര്യ ബസ്സിൽ സംശയം തോന്നിയത്തോടെയാണ് വാഹനം ഓടിച്ച ബിനൂപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു.

സംസ്ഥാനത് ആകെ ലോക്ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെ കർശന പരിശോധന ഉണ്ടായിട്ടും ജില്ലകൾ താണ്ടി എങ്ങനെ കോട്ടയം വരെ എത്തി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കുറ്റ്യാടി പൊലീസിന് കൈമാറി.

സമാനമായ രീതിയിൽ കൊട്ടാരക്കരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ടു പോയി പാരിപ്പള്ളിയിൽ ഉപേക്ഷിച്ച സംഭവം നേരത്തേ നടന്നിരുന്നു. ഫെബ്രുവരിയിലായിരുന്നു ഈ സംഭവം നടന്നത്.

ടിപ്പർ അനി എന്നറിയപ്പെടുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്ട് നിന്ന് പൊലീസ് പിടികൂടിയത്. നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ ഇയാൾ പാലക്കാട് ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.

അർധരാത്രി വീട്ടിൽ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാളുടെ മൊഴി. ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആർ.ടി.സി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് മോഷണം പോയത്. ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസ് അർധരാത്രി കടത്തിക്കൊണ്ടു പോവുകയായിരുന്നു ഇയാൾ.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മണിക്കൂറുകൾക്കകം ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നാണ് ബസ് കടത്തിക്കൊണ്ടു പോയ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ഒരു യുവാവാണ് ബസ് കടത്തിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ പ്രതിയെക്കുറിച്ച് പിന്നീട് യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് കൊല്ലം റൂറൽ എസ്‌പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

ഇതിനിടെയാണ് നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ നിധിൻ സംഭവ ദിവസം രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ തുടർന്നുള്ള മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബസ് സഞ്ചരിച്ച അതേ പാതയിലുള്ള സ്ഥലങ്ങളാണെന്നും മനസിലായി.

തുടർന്നാണ് പാലക്കാട്ട് ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന നിധിനെ പൊലീസ് പിടികൂടിയത്. അർധരാത്രി വീട്ടിൽ പോകാനായാണ് ബസ് കടത്തിക്കൊണ്ടു പോയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.