ബംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിസിനസുകാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കർണാടകയിലെ ബം​ഗളുരുവിലാണ് സംഭവം. ഐടി വിദഗ്ധനായ കൗശൽ പ്രസാദ് എന്ന യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേശവ പ്രസാദ് ആണ് അറസ്റ്റിലായത്. സ്വത്തുതർക്കത്തെ തുടർന്നാണ് മകനെ കൊന്നതെന്ന് അച്ഛൻ കുറ്റസമ്മത മൊഴി നൽകിയതായി പൊലീസ് പറയുന്നു.

സ്വത്തുതർക്കത്തെ തുടർന്ന് മകനെ കൊല്ലാൻ അച്ഛൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 12നാണ് എലിമല്ലപ്പ തടാകത്തിൽ നിന്ന് കൗശൽ പ്രസാദിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗശൽ പ്രസാദിന്റെ അച്ഛൻ കേശവ പ്രസാദ് അറസ്റ്റിലായത്. കൊലപാതകത്തിന് ക്വട്ടേഷൻ ലഭിച്ച നവീൻ കുമാർ, കേശവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വത്തിന്റെ ഒരു ഭാഗം വേണമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സ്വത്തിന് വേണ്ടി വഴക്കു കൂടുന്നതിന് പുറമേ അമ്മയെ പതിവായി തല്ലാറുണ്ടെന്നും അച്ഛൻ പൊലീസിന് മൊഴി നൽകി. ജനുവരി 10ന് ഐടി വിദഗ്ധനായ മകനെ കാണാനില്ല എന്ന് കാണിച്ച് കേശവ പ്രസാദ് പൊലീസിൽ പരാതി നൽകിയിരുന്നു. മകൻ കൂട്ടുകാരുമൊന്നിച്ച് കാറിൽ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും അച്ഛന്റെ പരാതിയിൽ പറയുന്നു. മകൻ പോകുന്നതിന് തൊട്ടുമുൻപ് ഇളയ സഹോദരന് ഫോൺ കൈമാറിയതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കൗശൽ അവാസനമായി വെളുത്ത മാരുതി സെൻ കാറിൽ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ക്വട്ടേഷൻ ലഭിച്ചവരിലേക്ക് എത്തിയത്. കൂടാതെ കൗശൽ മരിച്ചുകിടന്നിരുന്ന എലിമല്ലപ്പ തടാകം ലക്ഷ്യമാക്കി കാർ പോയതായി വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്.

മകനെ കൊല്ലാൻ കേശവ പ്രസാദ് മൂന്ന് ലക്ഷം രൂപ ഓഫർ ചെയ്തതായി പ്രതികളായ നവീൻ കുമാറും മൊഴി നൽകി. മുൻകൂറായി ഒരു ലക്ഷം രൂപ നൽകി. തുടർന്ന് അച്ഛനെയും ചോദ്യം ചെയ്തപ്പോഴാണ് കേസ് തെളിഞ്ഞത്.