ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ അസൻസോൾ ലോക്സഭാ മണ്ഡലത്തിലും ബലിഗഞ്ച് നിയമസഭാ മണ്ഡലത്തിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിൽ. അസൻസോളിൽ ശത്രുഘ്നൻ സിൻഹയും ബലിഗഞ്ചിൽ ബാബുൽ സുപ്രിയോയുമാണ് ലീഡ് ചെയ്യുന്നത്. ബംഗാൾ, ഛത്തീസ്‌ഗഢ്, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്

അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹയാണ് മുന്നിൽ. ഒടുവിലെ ഫലം അനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർത്ഥി അഗ്‌നിമിത്ര പോളിനേക്കാളും ഒരു ലക്ഷത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശത്രുഘ്നൻ സിൻഹ മുന്നിലുള്ളത്.

ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായിരുന്ന ബാബുൾ സുപ്രിയോ രാജിവെച്ച് തൃണമൂലിൽ ചേർന്നതോടെയാണ് അസൻസോളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2019-ൽ 1,97,637 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബിജെപിക്ക് ഇവിടെ.

ബാബുൾ സുപ്രിയോയ്ക്ക് ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ സീറ്റ് നൽകുകയും ചെയ്തു. ഇവിടെ പതിനായിരത്തോളം വോട്ടുകളുടെ ലീഡിൽ ബാബുൾ സുപ്രിയോ മുന്നിലാണ്. സിപിഎമ്മിന്റെ സൈറ ഷാ ഹാലിമാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിനും പിന്നിലായി നാലാം സ്ഥാനത്താണ് ബിജെപി സ്ഥാനാർത്ഥിയുള്ളത്. തൃണമൂലിന്റെ സിറ്റിങ് സീറ്റായ ബാലിഗഞ്ചിൽ എംഎൽഎ ആയിരുന്ന സുബ്രതാ മുഖർജി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മഹാരാഷ്ട്രയിലെ കോലാപുർ നോർത്ത് നിയമസഭാ സീറ്റ് കോൺഗ്രസ് നിലനിർത്തുന്ന സൂചനകളാണ് പുറത്ത് വരുന്നത്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജയശ്രീ ജാദവിന് 14000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ബിജെപിയാണ് രണ്ടാമത്. എൻസിപി-ശിവസേന സഖ്യമായിട്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിറ്റിങ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്റെ ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ മരിച്ചിരുന്നു. ഇതേ തുടർന്നാണ് കോലാപുർ നോർത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഛത്തീസ്ഢിലെ ഖൈരഗഡ് നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി യശോദ വർമ ആറായിരത്തിന് മുകളിൽ വോട്ടുകൾക്കാണ് ബിജെപിയുടെ കോമൾ ജംഗലിനോട് മുന്നിട്ട് നിൽക്കുന്നത്. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഢ് (ജെ)യുടെ സിറ്റിങ് സീറ്റാണിത്. എംഎൽഎ ആയിരുന്ന ദേവ്റത്ത് സിങ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

ബിഹാറിലെ ബോച്ചഹാൻ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർജെഡിയാണ് മുന്നിലുള്ളത്. സംവരണ മണ്ഡലമായ ബോച്ചഹാൻ മുകേഷ് സഹനിയുടെ നേതൃത്വത്തിലുള്ള വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ സിറ്റിങ് സീറ്റായിരുന്നു. സിറ്റിങ് എംഎൽഎ ആയിരുന്ന മുസാഫിർ പാസ്വാന്റെ മകനായ അമർ പാസ്വാനെയാണ് ആർജെഡി രംഗത്തിറക്കിയിട്ടുള്ളത്. നിലവിലെ വോട്ട് നില അനുസരിച്ച് ഇവിടെ നിലവിൽ ബിജെപി രണ്ടാമതും വികാസ്ഷീൽ ഇൻസാൻ പാർട്ടി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.