തിരുവനന്തപുരം: കേരളത്തിലെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി വിലയിരുത്തപ്പെട്ടിട്ടുള്ള സി. അച്ചുതമേനോനെ അനുസ്മരിച്ചുകൊണ്ട് 1991 ഓഗസ്റ്റ് 18ന് ദേശാഭിമാനിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ലേഖനം കാലങ്ങൾക്കിപ്പുറം വീണ്ടും വിമർശന വിധേയമാകുന്നു. അച്ചുതമേനോന്റെ മുപ്പതാം ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ദീർഘകാല സഹപ്രവർത്തകനും, 'സുഹൃത്തു' മായിരുന്ന ഇ എം എസ് എഴുതിയ ചരമോപചാര കുറിപ്പ് വിമർശത്തിന് വിധേയമാകുന്നത്.

'അറുപത്തി രണ്ടു വർഷത്തെ ബന്ധം' എന്ന തലക്കെട്ടോടെയുള്ള ചരമോപചാര കുറിപ്പിൽ അച്ചുതമേനോനെന്ന മികച്ച ഭരണാധികാരിയെ വിലയിരുത്തുന്നതിന് പകരം അച്ചടക്കമില്ലാത്ത, അനുസരണയില്ലാത്ത ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു അച്ചുതമേനോനെന്ന് സ്ഥാപിക്കാനാണ് ഇ എം എസ് ശ്രമിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിലയിരുത്തുന്നു. തന്നോടൊപ്പം 62 വർഷം പ്രവർത്തിച്ച അച്ചുതമേനോനെന്ന തന്റെ സഖാവിനെക്കുറിച്ചുള്ള വിലയിരുത്തലിന്റെ ഭാഷയ്ക്ക് പകയുടേയും, അസൂയയേയുടേയും നിറവും മണവുമുണ്ടായിരുന്നു.

ലേഖനത്തിൽ ഒരിടത്തു പോലും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അച്ചുതമേനോൻ നൽകിയ സംഭാവനകളെക്കുറിച്ച് മൗനം പാലിക്കാനും ഇ എം എസ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. ഒരു പക്ഷേ, കേരള ചരിത്രത്തിൽ മറ്റാരും സഹപ്രവർത്തകനെക്കുറിച്ച് ഇത്തരം നിർദ്ദയമായ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ടാവില്ല. അച്ചുതമേനോൻ എന്ന വ്യക്തിയെ എല്ലാ അർത്ഥത്തിലും താറടിച്ച് കാണിക്കാനും നമ്പൂതിരിപ്പാട് സദാ ജാഗരൂകനായിരുന്നു. അഞ്ച് പൊരുത്തക്കേടുകളാണ് അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ചരമക്കുറിപ്പിലെ ചിത്രവധം
രാജ്യത്തെ എക്കാലത്തേയും ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന്റെ മുപ്പതാം ചരമ വാർഷികമാണിന്ന്. അദ്ദേഹത്തെക്കുറിച്ച് 1991 ഓഗസ്റ്റ് 17 ന് 'യശോധനൻ '' എന്ന തലക്കെട്ടിൽ മാതൃഭുമി യുടെ മുഖപ്രസംഗത്തിന്റെ തുടക്കമിങ്ങനെയാണ് - 'മറ്റൊരു ഭാഷയിലും സമാനമെന്ന് ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നാടൻ വാക്കുണ്ട് മലയാളത്തിൽ: തറവാടിത്തം.

കേരള രാഷ്ട്രീയത്തിലെ തറവാടിയായിരുന്നു ചേലാട്ട് അച്ചുതമേനോൻ. കാര്യവിചാരത്തിൽ ഗൗരവം, കാര്യനിർവഹണത്തിൽ ആത്മാർത്ഥത, വിശ്വാസ പ്രമാണങ്ങളിൽ ദാർഢ്യം, കൂട്ടുപ്രവർത്തനത്തിൽ വിട്ടു വീഴ്ച, അഭിപ്രായങ്ങളിൽ സത്യസന്ധത, പെരുമാറ്റത്തിൽ ലാളിത്യം, വാക്കുകളിൽ മിതത്വം, സംഭാഷണത്തിൽ നർമം - ഇവയെല്ലാം ആ വ്യക്തി വൈശിഷ്ട്യത്തിന്റെ ഘടകകങ്ങളായിരുന്നു. അച്ചതമേനോന് ശത്രുക്കളുണ്ടായിരുന്നില്ല. മിത്രങ്ങൾ ധാരാളമുണ്ടായിരുന്നു. ആരാധനാ ഭാവത്തിൽ അകന്നു നിന്ന ഉദാസീനർ, അതിലുമധികം 'കേരളത്തിലെ മറ്റൊരു രാഷ്ടീയ നേതാവിനെക്കുറിച്ചും ഇത്തരമൊരു ചരമോപചാര കുറിപ്പ് വായിച്ചിട്ടില്ല.. ഇനിയൊട്ട് വായിക്കാനാവുമെന്ന് പ്രതീക്ഷയുമില്ല.

എന്നാൽ അച്ചുതമേനോന്റെ ദീർഘകാല സഹപ്രവർത്തകനും, 'സുഹ്രുത്തു' മായ ഇ എം എസ് നമ്പൂതിരിപ്പാട് 1991 ഓഗസ്റ്റ് 18ന് ദേശാഭിമാനിയുടെ ഒന്നാം പേജിൽ 'അറുപത്തി രണ്ടു വർഷത്തെ ബന്ധം ' എന്ന പേരിലൊരു ലേഖനം മേനോനെ അനുസ്മരിച്ചു കൊണ്ട് എഴുതിയിരുന്നു. സുജന മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടെഴുതിയ ചരമക്കുറിപ്പായിരുന്നു അതെന്ന് ആ ദിവസങ്ങളിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. അച്ചുത മേനോന്റെ ഭൗതിക ശരീരം കാണാൻ സംസ്ഥാനത്തെ ഒട്ടുമിക്ക പൗരപ്രമുഖർ എത്തിയപ്പോൾ ഇ എം എസ് മാത്രം പോയില്ല. ശരീരസുഖമില്ലെന്ന ന്യായം പറഞ്ഞാണ് മേനോനെ കാണാൻ പോകാതിരുന്നത്.അദ്ദേഹത്തിന്റെ ഭാര്യയും മകൾ രാധയും മൃതദേഹം പോയി കണ്ടതായി പത്രവാർത്തകൾ ഉണ്ടായിരുന്നു.



1929 ജുണിൽ തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർ മീഡിയറ്റ് വിദ്യാർത്ഥിയായി ചേർന്നപ്പോഴാണ് അച്ചുതമേനോനെ ഞാൻ ആദ്യം കാണുന്നത്. 62 വർഷത്തെ വ്യക്തി ബന്ധമുള്ള ഒരു സുഹ്രുത്തും സഖാവുമാണ് എനിക്കിപ്പോൾ നഷ്ടപ്പെട്ടതെന്നർത്ഥം. - എന്നു പറഞ്ഞു കൊണ്ടാണ് ഇ എം എസ് ലേഖനം തുടങ്ങിയത്.
അച്ചുതമേനോനെന്ന മികച്ച ഭരണാധികാരിയെ വിലയിരുത്തുന്നതിന് പകരം അച്ചടക്കമില്ലാത്ത, അനുസരണയില്ലാത്ത ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു അച്ചുതമേനോനെന്ന് സ്ഥാപിക്കാനാണ് ലേഖനത്തിലുടനീളം ഇ എം എസ് ശ്രമിച്ചത്.

തന്നോടൊപ്പം 62 വർഷം പ്രവർത്തിച്ച അച്ചുതമേനോനെന്ന തന്റെ സഖാവിനെക്കുറിച്ചുള്ള വിലയിരുത്തലിന്റെ ഭാഷയ്ക്ക് പകയുടേയും, അസൂയയേയുടേയും നിറവും മണവുമുണ്ടായിരുന്നു.
' പാർട്ടിയിലെ സഹപ്രവർത്തകരെന്ന നിലക്ക് ഒന്നിച്ച് പ്രവർത്തിച്ച ഞങ്ങൾ തമ്മിൽ പൊരുത്തമെന്ന പോലെ പൊരുത്തക്കേടുകളുമുണ്ടായിരുന്നു. ഒരേ പ്രസ്ഥാനത്തിലെ അംഗങ്ങളാണെന്ന താണ് പൊരുത്തം. ആ പ്രസ്ഥാനത്തിന കത്ത് തന്നെ അഭിപ്രായഭേദങ്ങളും വൈരുധ്യങ്ങളും പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വിരുദ്ധ ചേരികളിലായി - ഇതാണ് പൊരുത്തക്കേട്. ' എന്ന് വളരെ കൃത്യമായി വിയോജിപ്പു പറഞ്ഞു തുടങ്ങിയ ഇ എം എസ് - അച്ചുതമേനോൻ എന്ന അച്ചടക്കമില്ലാത്ത കമ്യൂണിസ്റ്റ്കാരനെ പൊളിച്ചടുക്കി നിരത്തിയിട്ടുണ്ട്.

ലേഖനത്തിൽ ഒരിടത്തു പോലും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അച്ചുതമേനോൻ നൽകിയ സംഭാവനകളെക്കുറിച്ച് മൗനം പാലിക്കാനും ഇ എം എസ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. ഒരു പക്ഷേ, കേരള ചരിത്രത്തിൽ മറ്റാരും സഹപ്രവർത്തകനെക്കുറിച്ച് ഇത്തരം നിർദ്ദയമായ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ടാവില്ല. അച്ചുതമേനോൻ എന്ന വ്യക്തിയെ എല്ലാ അർത്ഥത്തിലും താറടിച്ച് കാണിക്കാനും നമ്പൂതിരിപ്പാട് സദാ ജാഗരൂകനായിരുന്നു. അഞ്ച് പൊരുത്തക്കേടുകളാണ് അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്.



ഒന്ന്: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണല്ലോ 1948 ൽ ചേർന്ന രണ്ടാം കോൺഗ്രസ്. അതേവരെ ഞങ്ങൾ ഇരുവരും തുടർന്നു പോന്ന നയസമീപനത്തിൽ നിന്ന് മൗലികമായ വ്യതിയാനം വരികയായിരുന്നു. രണ്ടാം കോൺഗ്രസിന്റെ സമീപനം അച്ചുതമേനോനോ എനിക്കോ ദഹിച്ചിരുന്നില്ല. പക്ഷേ, സെൻട്രൽ കമ്മറ്റി മെമ്പർ എന്ന നിലക്ക് ഞാനത് അച്ചടക്കത്തോടെ നടപ്പാക്കി . ആ സമീപനത്തിൽ പിന്നീട് മാറ്റം വന്നപ്പോഴും സെൻട്രൽ കമ്മറ്റി മെമ്പർ എന്ന നിലയ്ക്ക് പുതിയ സമീപനം പ്രയോഗത്തിൽ വരുത്താൻ ഞാൻ ശ്രമിച്ചു. അച്ചുതമേനോൻ ഇതിനോട് യോജിച്ചിരുന്നില്ല. 1951 ൽ ചേർന്ന സ്‌പെഷ്യൽ പാർട്ടി കോൺഫ്രൻസിനോട് കൂടിയേ ഈ അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ടുള്ളു.
.
രണ്ട്: 1955- 56 ഓടു കൂടി പാർട്ടിയിൽ ഗുരുതരമായ ഒരു അഭിപ്രായ ഭേദം പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ബന്ധമെന്തായിരിക്കണം എന്ന പ്രശ്‌നത്തിലായിരുന്നു അഭിപ്രായ ഭേദം. 1956ലെ നാലാം പാർട്ടി കോൺഗ്രസ് പാലക്കാട് വെച്ച് ചേർന്നപ്പോൾ കോൺഗ്രസ് - കമ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടി വാദിച്ചവരിൽ പ്രമുഖനായിരുന്നു അച്ചുതമേനോൻ , ഞാൻ മറുചേരിയിലും.

മൂന്ന്: നാലാം കോൺഗ്രസ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ കേരള സംസ്ഥാന രൂപീകരണവും സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുപ്പും നടന്നുവെല്ലോ . തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെന്റ് കേരളത്തിൽ നിലവിൽ വന്നു. മന്ത്രിസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾ അന്യോന്യം സഹകരിച്ചു. മന്ത്രിസഭ പിരിച്ചുവിടപ്പെടുന്നതു വരെ ഞങ്ങൾ തമ്മിൽ യാതൊരു പൊരുത്തക്കേടുമുണ്ടായിരുന്നില്ല. പക്ഷേ, മന്ത്രിസഭ പിരിച്ചു വിട്ട് ഏതാനും മാസങ്ങൾക്കകത്ത് ഇന്ത്യാ- ചൈന സംഘർഷം മൂർഛിക്കുകയും അധികം ചെല്ലുന്നതിന് മുമ്പ് ചൈന - സോവിയറ്റ് സംഘർഷം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു പ്രതിസന്ധിയിലെത്തുകയും ചെയ്തപ്പോൾ ഞങ്ങൾ വിരുദ്ധ ചേരികളിലായി . ആ സംഘർഷം മൂർഛിച്ചിട്ടാണ് 1964ൽ പാർട്ടി പിളർന്നത്. അന്ന് മുതൽക്ക് ഇന്നു വരെ ഞങ്ങൾ വിരുദ്ധ ചേരികളിലാണ്.

നാല് . ഇന്ത്യാ- ചൈന തർക്കവും ചൈനാ- സോവിയറ്റ് സംഘർഷവും മൂർഛിച്ചു വന്നപ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതെന്നതിനാൽ അച്ചുതമേനോന്റെ പാരടിയെ സോവിയറ്റ് അനുകൂലമെന്നും എന്റേതിനെ ചൈന പക്ഷപാതിയെന്നും വിശേഷിപ്പിച്ചു. പക്ഷേ, ഇന്ത്യാ- ചൈന ' തർക്കവും ചൈനാ- സോവിയറ്റ് സംഘർഷവും പൊട്ടിപ്പുറപ്പെടുന്നതിന് എത്രയോ മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കോൺഗ്രസിനോട് ഉണ്ടാവേണ്ട സമീപനത്തെ ചൊല്ലി പാലക്കാട് പാർട്ടി കോൺഗ്രസിൽ അഭിപ്രായ ഭേദമുളവായത് ഓർക്കുമെല്ലോ. പോരെങ്കിൽ എന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഐക്യമുന്നണി ഗവണ്മെന്റിനെ താഴെത്തിറക്കുന്നതിൽ കോൺഗ്രസുമായി സഹകരിച്ച് സിപിഐ മന്ത്രിയായി അച്ചുതമേനോൻ അവരോധിക്കപ്പെടുകയും ചെയ്തു. തുടക്കത്തിൽ കോൺഗ്രസിന് നേരിട്ട് പങ്കാളിത്തമില്ലാതിരുന്ന അച്ചുതമേനോൻ ഗവണ്മെന്റിൽ പിന്നീട് കോൺഗ്രസ് ചേരുകയും സിപിഐ കോൺഗ്രസിന്റെ ഒരു ഉപഗ്രഹമായി മാറുകയും ചെയ്തു. അച്ചുതമേനോന്റെ ജീവിത ചരിത്രത്തിലെ ഏറ്റവും ദയനീയമായ കാലമെന്ന് പറയാവുന്ന അടിയന്തരാവസ്ഥ നമുക്ക് ഒരുയുണ്ടല്ലോ

അഞ്ച്: അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അച്ചുതമേനോൻ മത്സരിച്ചിരുന്നില്ല. പോരെങ്കിൽ ആ തിരഞ്ഞെടുപ്പിനെ തുടർന്ന് ഏതാനും ആഴ്ചകൾക്കകം അച്ചുതമേനോന്റെ പാർട്ടി നയസമീപനപരമായ ഒരു പൊളിച്ചെഴുത്ത് നടത്താൻ തുടങ്ങി. അതിന്റെ സ്വാഭാവിക ഫലമാണ് അച്ചുതമേനോന്റെയും എന്റെയും പാർട്ടികൾക്ക് സജീവ പങ്കാളിത്ത മുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലും ഇടതുപക്ഷ ദേശീയ മുന്നണി കേന്ദ്രത്തിലും നിലവിൽ വന്നിട്ടുള്ളത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ട് പ്രബല ഘടകങ്ങൾ അന്യോന്യം സഹകരിച്ച് പുതിയ കേരളവും പുതിയ ഇന്ത്യയും കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന കാലഘട്ടം തുടങ്ങുകയാണ്
പഴയ സഹപ്രവർത്തകനെ പരമാവധി ഇകഴ്‌ത്തി ചിത്രവധം ചെയ്ത മനസിന് നല്ല നമസ്‌കാരം!