കാസർകോട്: വിരമിക്കാൻ ഒരു ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് കാസർകോട് പുതിയതായി സ്ഥാപിച്ച വനിതാ പൊലീസ് സ്റ്റേഷനിലെ സിഐ ഷാജി ഫ്രാൻസിസ് ഡിവൈഎസ്‌പി പി സദാനന്ദനെ കാണാൻ വന്നത്. വിരമിക്കുന്നതിന് തൊട്ട് മുൻപ് ഒരു ആഗ്രമുണ്ടെന്നും അത് പൂർത്തിയാക്കാൻ സേനയുടെ സഹായം വേണമെന്നും അഭ്യർത്ഥിച്ചായിരുന്നു വരവ്. പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോക്‌സോ കേസ് പ്രതിയായ കാസർകോട് സ്വദേശിയായ പിതാവിനെ പിടികൂടാനുള്ള സഹായം സിഐയോട് അഭ്യർത്ഥിച്ചു.

സഹപ്രവർത്തകയുടെ അഭ്യർത്ഥ കേട്ട ഡിവൈഎസ്‌പി ഫുൽ സപ്പോർട്ട് വാഗ്ദാനം ചെയ്തു.32 വർഷത്തെ സർവ്വീസിന് ശേഷം വിരമിക്കുന്ന വനിതാ സി ഐക്ക് നൽകുന്ന ഉപഹാരം ഇതായിരിക്കണമെന്ന് ഡിവൈ.എസ്‌പി ജില്ലാ ക്രൈം സ്‌ക്വാഡിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് സഹായിക്കാനുള്ള ദൗത്യം ക്രൈം സ്‌ക്വോഡ് ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് ഡിവൈ. എസ്. പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സിഐ ഷാജി ഫ്രാൻസിസും സംഘവും വ്യാപകമായ പരിശോധന ആരംഭിച്ചു.ഹോട്ടൽ തൊഴിലാളിയായിരുന്ന പ്രതിക്കുവേണ്ടി കർണാടക കുന്താപുരത്തിൽ നിന്നും ആരംഭിച്ച പരിശോധനയിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഹോട്ടൽ അസോസിയേഷന്റെ സഹായത്തോടെ ചില വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു.

അന്വേഷണത്തെ ഭയന്ന് കഴിഞ്ഞ രണ്ടുമാസമായി കോഴിക്കോട് ഒരു ഹോട്ടലിൽ റൂം എടുത്ത് താമസിച്ചുവരികയായിരുന്ന പ്രതി. വിവരം ലഭിച്ചതിനെ തുടർന്ന് സിഐയും സ്‌കോഡ് അംഗങ്ങളും കോഴിക്കോട് എത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 24 മണിക്കൂർകൊണ്ട് 400 കിലോമീറ്റർ പരിധിയിലാണ് അന്വേഷണം നടത്തിയത്. വിരമിക്കുന്നതിന് മുമ്പ് ഈയാളെ പിടികൂടണമെന്ന ആഗ്രഹം പൂർത്തിയാക്കിയാണ് ഷാജി തന്റെ തൊപ്പി ഊരിവെക്കുന്നത്.

വളരെ യാദൃശ്ചികമായാണ് കേസ് ഷജിക്ക് മുൻപിലേക്കെത്തുന്നത്.അ കഥ ഷാജി പറയുന്നത് ഇങ്ങനെ; പലതവണയായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് മകളെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർപ്പിച്ചിരുന്നു. പെൺകുട്ടിക്ക് വയറുവേദന ആണെന്ന് ഹോസ്റ്റൽ അധികാരികൾ അറിയിച്ച പ്രകാരം അമ്മ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ പിതാവ് കുട്ടിയെയും കൂട്ടി മംഗളൂരു, ഉഡുപ്പി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടർ ഈ വിവരം പൊലീസിൽ അറിയിച്ച പ്രകാരം ഏപ്രിൽ അഞ്ചിന് കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഇതറിഞ്ഞ പ്രതി മംഗളുരുവിലേക്ക് മുങ്ങി. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തപ്പോഴാണ് പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. മംഗളുരു, ഉള്ളാൾ, ഉടുപ്പി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി മെയ്‌ 14 ന് കണ്ണൂരിലും കുറച്ചുദിവസത്തിന് ശേഷം കോഴിക്കോട് തെരുവിൽ അലഞ്ഞു നടക്കുന്ന വരെ പാർപ്പിക്കുന്ന കോവിഡ് പ്രിവൻഷൻ ക്യാമ്പിലും എത്തിയിരുന്നു.ഇത്തരത്തിൽ മകളെ ക്രുരമായി പീഡിപ്പിച്ച പ്രതിയെക്കൂടി നിയമത്തിന് മുന്നിലെത്തിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. അത് സാധിച്ചതിൽ നിറഞ്ഞ ചാരിതാർത്ഥ്യമുണ്ട്.. ഷാജി പറഞ്ഞ് നിർത്തുന്നു.

കോവിഡ് ഭീഷണി വകവെക്കാതെ കേരളത്തിലും കർണ്ണാടകയിലും അന്വേഷണം നടത്തിയാണ് പ്രതിയെ സംഘം കുടുക്കിയത്. ക്രൈം സ്‌ക്വോഡ് എസ്‌ഐമാരായ സി.കെ. ബാലകൃഷ്ണൻ, നാരായണൻ നായർ , എ. എസ്. ഐ ലക്ഷ്മി നാരായണൻ, അബൂബക്കർ കല്ലായി, എസ് .സി. പി. ഒ മാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി,ഷജീഷ്, ബിന്ദു, ഷൈലജ, സനില എന്നിവരുപ്പെട്ട സംഘമാണ് പ്രതിയെ കുടുക്കിയത്.വിരമിക്കുന്നതിന്റെ തലേന്ന് വനിതാ സി ഐയുടെ ആഗ്രഹം സഫലീകരിച്ചു നൽകിയ കാസർകോട്ടെ ക്രൈം സ്‌ക്വോഡ് അംഗങ്ങളെ ഡി വൈ എസ്‌പി പി.പി സദാനന്ദൻ അഭിനന്ദിച്ചു.