കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കോൺഗ്രസ് നേതാവ് സി.രഘുനാഥ് കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. ചിഹ്നത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം മാറിയെന്ന് ധർമ്മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. താൻ ധർമ്മടത്ത് പത്രിക നൽകിയതായി അറിയില്ലെന്ന കെപിസിസി അധ്യക്ഷൻ മുല്ല പള്ളിയുടെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ചിഹ്നം തന്നാൽ മാത്രമെ താൻ മത്സരിക്കുവെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും സി. രഘുനാഥ് കണ്ണൂരിൽ പറഞ്ഞു.

ഇതിനിടെ ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചതോടെ കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചു. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

സി.രഘുനാഥിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെയാണ് ധർമ്മടം മണ്ഡലത്തിലെ പ്രതിസന്ധി അയഞ്ഞത്. കണ്ണൂർ ഡി.സി.സി നിർദ്ദേശിച്ച പ്രകാരം രഘുനാഥ് കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോൾ അവസാനിക്കുന്നത്.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരൻ എംപി മത്സരിക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുന്നതിനിടെയാണ് രഘുനാഥ് പത്രിക സമർപ്പിച്ചത്. തന്നെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചുവെന്ന് പറഞ്ഞാണ് രഘുനാഥ് പത്രിക സമർപ്പിച്ചത്. കെ.സുധാകരൻ പിന്മാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് രഘുനാഥ് പ്രതികരിച്ചിരുന്നു. ചിഹ്നം അനുവദിക്കാനായി തന്റെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കായംകുളത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ധർമടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രഘുനാഥ് പത്രിക നൽകിയത് ഇതുവരേയും അറിഞ്ഞിട്ടില്ല. താൻ യാത്രയിലായിരുന്നുവെന്നും അറിയാത്ത കാര്യത്തെകുറിച്ച് പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതു വിവാദമായതോടെയാണ് ഹൈക്കമാൻഡ് സി.രഘുനാഥിനെ സ്ഥാനാർത്ഥിയായി അംഗീകരിച്ച് വാർത്താ കുറിപ്പ് പുറത്തിറക്കിയത്.