തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി. മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെയാണ് പിണറായി വിജയൻ രാജ്ഭവനിലെത്തിയത്.

ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമാണ് നീക്കം. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടിപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് നിയുക്ത സർക്കാരിന്റെ നീക്കം. ഈ മാസം 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ഇന്ന് മന്ത്രിസഭയിലെ അംഗങ്ങളെ സിപിഎം തിരഞ്ഞെടുത്തിരുന്നു. പിണറായി വിജയൻ (ധർമ്മടം), എം വിഗോവിന്ദൻ (തളിപ്പറമ്പ്), കെ.രാധാകൃഷ്ണൻ (ചേലക്കര), പി.രാജീവ് (കളമശ്ശേരി), കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), സജി ചെറിയാൻ (ചെങ്ങന്നൂർ), വി.എൻ.വാസവൻ (ഏറ്റുമാനൂർ), പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), വി.ശിവൻകുട്ടി (നേമം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), വീണാ ജോർജ് (ആറന്മുള ), വി.അബ്ദുൾ റഹ്‌മാൻ (താനൂർ) എന്നിവരാണ് സിപിഎം മന്ത്രിമാർ.

പി.പ്രസാദ് (ചേർത്തല), കെ.രാജൻ (ഒല്ലൂർ), ജി.ആർ.അനിൽ (നെടുമങ്ങാട്), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവരാണ് സിപിഐയുടെ മന്ത്രിസഭയിലെ സാന്നിദ്ധ്യം. കേരളാ കോൺഗ്രസിൽ എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ (ഇടുക്കി), ജെഡിഎസിൽ നിന്ന് കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ), എൻസിപിയിൽ നിന്ന് എ.കെ.ശശീന്ദ്രൻ (ഏലത്തൂർ), ജനാതിപത്യ കേരളാ കോൺഗ്രസിൽ ആന്റണി രാജു (തിരുവനന്തപുരം) എന്നിവർ മന്ത്രിസഭയിലെത്തും. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് ) ഐഎൻഎല്ലിന്റെ പ്രതിനിധി.



മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റി നിർത്തിയാൽ കെ രാധാകൃഷ്ണൻ ഒഴികെ സിപിഎം മന്ത്രിമാരിൽ പത്ത് പേരും പുതുമുഖങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചുകൊണ്ടാണ് സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സിപിഐ. ഉൾപ്പെടെയുള്ള ഘടകകക്ഷികളും അവരുടെ മന്ത്രിമാരെ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ചയാണ് സിപിഎം. സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്. പിണറായിക്കൊപ്പം തീർത്തും പുതിയ ടീം മതിയെന്ന തീരുമാനം നടപ്പിലാക്കിയതോടെ മന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയ്ക്കും അവസരം ലഭിച്ചില്ല. സിപിഎം മന്ത്രിമാരിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് നേരത്തെ മന്ത്രിയായിട്ടുള്ളത്. ബാക്കി പത്ത് പേരും പുതുമുഖങ്ങളാണ്. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ എതൊക്കെയെന്ന് തീരുമാനമായി. കെ.രാജന് റവന്യൂ വകുപ്പ് നൽകും. കൃഷി വകുപ്പിന്റെ ചുമതല പ്രസാദും ഭക്ഷ്യവകുപ്പിന്റെ ചുമതല അനിലും നിർവഹിക്കും. സി പി.ഐയുടെ കൈവശമുള്ള വനത്തിന് പകരം സിപിഎം വിട്ടു നൽകുന്ന വകുപ്പാകും വനിതാ മന്ത്രിയായ ചിഞ്ചു റാണിക്ക് ലഭിക്കുക.

എൻസിപി മന്ത്രിസ്ഥാനം പങ്കിടില്ല. അഞ്ച് വർഷവും എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിയാകാനാണ് എൻസിപിയുടെ തീരുമാനം. ദേശീയ സെക്രട്ടറി പ്രഭുൽ പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം യോഗത്തിൽ തള്ളി. രണ്ട് ഘട്ടമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെ പാർട്ടി ദേശീയ നേതൃത്വവും എതിർത്തിരുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ തുടർഭരണമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ അംഗസഖ്യയുമായിട്ടാണ് സിപിഎം നിയമസഭയിലെത്തുന്നത്. പാർട്ടി സ്വതന്ത്രരുൾപ്പടെ 67 എംഎൽഎമാരാണ് ഇത്തവണ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. നാല് സീറ്റുകൂടി ലഭിച്ചിരുന്നെങ്കിൽ സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു. 85 സീറ്റുകളിൽ മത്സരിച്ച സിപിഎം 77.9 ശതമാനം സീറ്റുകളിലും വിജയം നേടിയാണ് 67 സീറ്റുകൾ പിടിച്ചിരിക്കുന്നത്. ഇതിൽ അഞ്ചിടത്ത് സ്വതന്ത്രരും മറ്റുള്ളിടത്തെല്ലാം പാർട്ടി സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്.