ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടേയും മുതിർന്ന മന്ത്രിമാരുടേയും യോഗം ചേരുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയരുമായിട്ടാണ് പ്രധാനമന്ത്രി ചർച്ച നടത്തുന്നത്. പുനഃസംഘടനയുടെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തുനിന്നുള്ള പ്രാതിനിധ്യം കേന്ദ്രമന്ത്രിസഭയിൽ വർദ്ധിപ്പിക്കാൻ സാധ്യതയേറി. യോഗിയുടെ ഭരണത്തിൽ അതൃപ്തരായ ചില നേതാക്കളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന രീതികളോട് സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മന്ത്രിസഭയിൽ ഇതിനോടകം തന്നെ നിരവധി ഒഴിവുകളാണുള്ളത്. എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ മരണത്തെതുടർന്നും എൻഡിഎയിൽ നിന്ന് ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പാർട്ടികൾ പുറത്തുപോയതുമടക്കമുള്ള ഒഴിവുകളുണ്ട്. ഒപ്പം അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ നിന്നടക്കമുള്ളവർക്ക് പുനഃസംഘടനയിൽ കൂടുതൽ ഇടംലഭിച്ചേക്കും.

ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. അതേ സമയം തന്നെ നിതിൻ ഗഡ്കരിക്ക് കൂടുതൽ ശ്രദ്ധേയായ വകുപ്പിലേക്ക് നൽകാനും സാധ്യതയുണ്ട്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാൻ പോകുന്നത്. ആദ്യ സർക്കാരിൽ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയിരുന്നു.

അഴിച്ചുപണിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ നീണ്ട പട്ടികയുണ്ടെങ്കിലും കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവൽ എന്നിവർ പട്ടികയിൽ മുൻപന്തിയിലാണ്.

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കി ബിജെപിക്ക് അധികാരം പിടിച്ച് നൽകിയതിന് പ്രതിഫലമാകും സിന്ധ്യക്ക് ലഭിക്കുന്ന മന്ത്രിപദം. കഴിഞ്ഞ വർഷമാണ് സിന്ധ്യ അനുയായികളായ എംഎൽഎമാരും കോൺഗ്രസ് വിട്ടത്. ബിഹാറിൽ ഉപമുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റിയ സുശീൽ മോദിക്കും ഹിമന്ത ബിശ്വ ശർമ്മക്കായി കസേര ഒഴിഞ്ഞു കൊടുത്ത സോനോവലിനും കേന്ദ്ര മന്ത്രിപദം നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു.

രാംവിലാസ് പാസ്വാന്റെ എൽജെപിക്ക് നൽകിയിരുന്ന മന്ത്രിപദം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അവരുടെ ലോക്സഭാ കക്ഷി നേതാവ് പശുപതി കുമാർ പരാസിന് ലഭിച്ചേക്കും. കേന്ദ്ര മന്ത്രി പദം മുന്നിൽ കണ്ടാണ് ചിരാഗ് പാസ്വാനെ വെട്ടി പരാസ് എംപിമാരെ വരുതിയിലാക്കി ലോക്സഭാ കക്ഷിനേതാവ് പദവി നേടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ബിജെപിക്കും അദ്ദേഹത്തെ മന്ത്രിയാക്കുന്നതിലാണ് താത്പര്യം. ഉത്തർപ്രദേശിലെ സഖ്യ കക്ഷിയായ അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്നു അവർ.