തിരുവനന്തപുരം: കിഫ്ബിയുടെ റിപ്പോർട്ട് ചോർന്നതിൽ ധനമന്ത്രി തോമസ് ഐസക് കുടുക്കിലേക്ക്. സ്വപ്‌നാ സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റ് കിഫ്ബിയിലുള്ള ബന്ധം പുറത്തു വന്നതിന് പിന്നാലെയാണ് അതിശക്തമായ നിലപാടുമായി സിഎജിയും രംഗത്ത് വന്നത്. കിഫ്ബിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്ന് സിഎജി തന്നെ വ്യക്തമാക്കിയതോടെ ധനമന്ത്രി കുടുക്കിലാവുകയാണ്. എല്ലാ ചട്ടവും ലംഘിച്ചാണ് ധനമന്ത്രി പരസ്യ പ്രതികരണം നടത്തിയതെന്ന വാദമാണ് സജീവമാകുന്നത്.

സിഎജി റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ ചട്ടമുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടത്. ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവർക്കു കൈമാറണം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോർട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനം തന്നെയാണ്. ഇതിനെ പ്രതിരോധിക്കാൻ ഇപ്പോഴും കരട് റിപ്പോർട്ടാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ്.

2018-'19-ലെ സംസ്ഥാനസർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി എ.ജി. വാർത്തക്കുറിപ്പ് ഇറക്കി. ഇതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്. ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു എ.ജി.യുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.എ.ജി.യുടെ സമീപനമെന്നു ധനന്ത്രി ആരോപിച്ചിരുന്നു.

അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് പറയുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതുസംബന്ധിച്ച വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ധനമന്ത്രിയുടെ ഓഫീസ് എത്തിയതെന്നും പറയുന്നു. കിഫ്ബിയുടെ കരട് റിപ്പോർട്ടാണ് വെളിപ്പെടുത്തിയതെന്ന വാദം ശക്തമാക്കാനാണ് ഇത്.

കിഫ്ബിയുടെ വായ്പ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തിയത് സിഎജി ആസ്ഥാനത്തെ പരിശോധനയിലാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എല്ലാ വർഷവും സിഎജി റിപ്പോർട്ട് തയാറാക്കി സർക്കാരിനു കൈമാറാറുണ്ട്. 2018-19 വർഷത്തെ റിപ്പോർട്ട് തയാറാക്കി അന്തിമ അനുമതി വാങ്ങുന്നതിനായി ഡൽഹിയിലെ സിഎജി ആസ്ഥാനത്തേക്ക് അയച്ചിരുന്നു. അവിടത്തെ പരിശോധനയിലാണ് 2150 കോടിയുടെ മസാല ബോണ്ട് ഇടപാടു ഭരണഘടനാ വിരുദ്ധമെന്ന കണ്ടെത്തലുണ്ടായത്.

തുടർന്ന് ഇക്കാര്യം കൂടി ഒരു ഖണ്ഡികയിൽ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് തയാറാക്കുകയും അതിന്റെ 2 പകർപ്പ് ധന സെക്രട്ടറിക്കു സിഎജി ഓഫിസിൽ നിന്നു കഴിഞ്ഞ 6 ന് കൈമാറുകയും ചെയ്തു. ധനസെക്രട്ടറി ഇതു മുഖ്യമന്ത്രിക്കു കൈമാറുകയും അതുവഴി രാജ്ഭവനിൽ എത്തിക്കുകയുമാണു ചെയ്യേണ്ടത്. ഗവർണർ നിയമസഭയ്ക്കു കൈമാറും.

കിഫ്ബിയെക്കുറിച്ചു മാത്രമായുള്ള മറ്റൊരു ഓഡിറ്റ് സിഎജി തുടരുന്നുണ്ട്. ഈ ഓഡിറ്റിന്റെ കരടു റിപ്പോർട്ടിലാണു സിഎജി വിമർശനമുന്നയിച്ചത് എന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം. എന്നാൽ ഇതിന്റെ കരട് ഇതുവരെ സിഎജി തയാറാക്കിയിട്ടു പോലുമില്ലെന്നാണു സൂചന.

സിഎജി റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ എന്താണ് പൂർണമായുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലാതിരിക്കെയാണ് ഐസക്ക് ആരോപണവുമായി രംഗത്തുവന്നത്. ഇത് കിഫ്ബിക്കെതിരായ ഗുരുതര പരാമർശം ഉള്ളതിനാലാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ കാര്യങ്ങൾ ധനമന്ത്രിയിൽ നിന്നും കൈവിട്ടു പോയ അവസ്ഥയിലായതോടെ പാർട്ടി സംവിധാനങ്ങളെ ഉപയോഗിച്ചു രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് ഐസക്കിന്റെ ശ്രമം. നിലവിൽ കിഫ്ബിയിൽ നിലനിൽക്കുന്ന വിവിധ തലത്തിലുള്ള ഓഡിറ്റിങ് സമ്പ്രദായവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും താഴെ പറയുംപ്രകാരമാണ്.

സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ

ആക്ട് നിഷ്‌കർഷിക്കുന്ന വിധം ഒരു സ്റ്റാറ്റിയൂട്ടറി ഓഡിറ്ററാണ് കിഫ്ബിയുടെ വാർഷിക ഓഡിറ്റ്, ടാക്സ് ഓഡിറ്റ് എന്നിവ ചെയ്തുവരുന്നത്. ഇത് കൂടാതെ കിഫ് ആക്ടിലെ ഒരു സുപ്രധാന നിരീക്ഷണമായ സംവിധാനമായ ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷനു ആവശ്യമായ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളും അനുബന്ധ രേഖകളും ഈ ഓഡിറ്റേഴ്‌സ് യഥാസമയങ്ങളിൽ തയ്യാറാക്കിവരുന്നു. ഈ ചുമതലയാണ് വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.

ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ

കിഫ്ബിയുടെ ധനവിനിയോഗം ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്ക് അനുസൃതമായാണ് എന്ന് നിരീക്ഷിക്കേണ്ട ചുമതല പ്രത്യേക അധികാരങ്ങളുള്ള ഈ കമ്മീഷനാണ്. ധനകാര്യ മേഖലയിൽ വളരെ ഉയർന്ന പദവികളിൽ ഇരുന്നവരും അവരുടെ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ് ഈ കമ്മീഷനിലേക്ക് നിയമിക്കപെടുന്നത്. കിഫ്ബിയുടെ ധനവിനിയോഗം ഉചിതവും യുക്തവുമാണെന്ന പക്ഷം അർദ്ധ വാർഷിക അടിസ്ഥാനത്തിൽ 'ഫിഡെലിറ്റി സർട്ടിഫിക്കറ്റ് ' നൽകേണ്ട ചുമതലയും ഈ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനാവശ്യമായ ഏത് രേഖകളും വിശദാംശങ്ങളും കമ്മീഷനു ആവശ്യപ്പെടാവുന്നതും ആയത് ഉദോഗസ്ഥർ ലഭ്യമാക്കേണ്ടതുമാണ്. കിഫ്ബിയുടെ വരുമാനങ്ങളും അവയുടെ വിനിയോഗവും അധികമായുള്ള ഫണ്ടിന്റെ നിക്ഷേപം കിഫ് ആക്ടിലെ മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും, കിഫ്ബിയുടെ കൈവശം അടുത്ത 6 മാസ കാലയളവിലെ തിരിച്ചടവ് ബാധ്യതകൾ വീട്ടുവാൻ പര്യാപ്തമായെന്നുമാണ് ഫിഡെലിറ്റി സർട്ടിഫിക്കറ്റ്. ഈ രേഖ എല്ലാ വർഷവും നിയമസഭായ്ക്ക് മുമ്പാകെ ബജറ്റ് ഡോക്യൂമെന്റിനോടൊപ്പം സമർപ്പിക്കുന്നു.

ഈ കമ്മീഷൻ കിഫ്ബിയുടെ വളർച്ചയിലും പ്രവർത്തനത്തിലും ക്രിയാത്മകമായി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ വിനോദ് റായ് (മുൻ കംപ്ട്രോളർ & ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ), ഉഷ തോരാട്ട് (മുൻ ഡെപ്യൂട്ടി ഗവർണർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ), ജ്രി. പത്മനാഭൻ (മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവരാണ്. ആദ്യ രണ്ടുവർഷങ്ങൾക്ക് ശേഷം ഈ അംഗങ്ങളുടെ കാലാവധി 2021 മാർച്ച് വരെ ദീർഘിപ്പിച്ചിരുന്നു.

പിയർ റിവ്യൂ ഓഡിറ്റർ

പിയർ റിവ്യൂ ഓഡിറ്റർ ചുമലയായാണ് സൂറി ആൻഡ് കോയ്ക്ക് ലഭിച്ചിരിക്കുന്നത്. കിഫ്ബിയുടെ 37ാം വാർഷിക യോഗത്തിൽ പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒടുവിൽ പിയർ റിവ്യൂ ഓഡിറ്റർ സ്ഥാനം സൂറി ആൻഡ് കോയ്ക്ക് ലഭിക്കുന്നത്. 2020 ജൂൺ 30ന് ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ഓഡിറ്റർമാരെ സമീപിക്കാൻ കാരണമായി കിഫ്ബി അധികൃതർ പറയുന്നത് മറ്റേത് ഭരണഘടന പരമായ സ്ഥാപനത്തിലെന്നപോലെയും കിഫ്ബി അതിന്റെ പ്രവർത്തന ആക്ട് അനുശാസിക്കുന്ന വിധത്തിലുള്ള നിലപാട് ആണ് എടുത്തിരിക്കുന്നത് എന്നാണ്.

2019 ൽ സി&എ.ജി രണ്ട് തവണ കിഫ്ബിയുടെ ഓഡിറ്റ് നടത്തിയപ്പോൾ കിഫ്ബിയുടെ ധനപരമായ ഇടപാടുകൾ ഉൾപ്പടെ എല്ലാം പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ അവർക്കു നൽകിയിരുന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും ഇത് സംബന്ധിച്ചുന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും യഥാസമയം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഐസക്കും കൂട്ടരും അവകാശപ്പെടുന്നത്.