തിരുവനന്തപുരം: കിയാലിൽ (കണ്ണൂർ രാജ്യാന്തര വിമാനത്താവളം) സംസ്ഥാന സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 64.79% ഓഹരി ഉള്ളതിനാൽ കൽപിത സർക്കാർ കമ്പനിയുടെ പദവിയുണ്ടെന്നും സിഎജി ഓഡിറ്റ് ബാധകമാകുമെന്നും ഇന്ത്യൻ ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

കിയാലിന്റെ ഭരണത്തിലും നയതീരുമാനങ്ങളിലും സംസ്ഥാന സർക്കാരിനു കാര്യമായ നിയന്ത്രണമുണ്ടെന്നും അറിയിച്ചു.  കിയാലിനെ ഓഡിറ്റിനു വിധേയമാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കിയാൽ നൽകിയ ഹർജിയിലാണു വിശദീകരണം.

സംസ്ഥാന സർക്കാരിന് 35% ഓഹരി മാത്രമുള്ള കിയാൽ സ്വകാര്യ മേഖലയിലാണെന്നും ഇക്കാരണത്താൽ കമ്പനി നിയമത്തിന്റെ 139ാം വകുപ്പിന്റെ 5, 7 ഉപവകുപ്പുകൾ ബാധകമല്ലെന്നും കാണിച്ചാണു ഹർജി.