തിരുവനന്തപുരം: സിഎജി തയ്യാറാക്കിയ കരട് റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടത് വിവാദമാകുന്നു. സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോർട്ട് അട്ടിമറിയുടെ ഭാഗമാണെന്ന് തോമസ് ഐസക്ക് ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി എജിക്ക് സൗഹൃദബന്ധമുണ്ടെന്നും സർക്കാരിനെതിരെ കേസ് പോകാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു. ഇതോടെ, ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

രാജ്യത്തെ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത കിഫ്ബി റിപ്പോർട്ട് അട്ടിമറിയുടെ ഭാഗമാണെന്നാണ് ഐസക് ആരോപിച്ചത്. മസാല ബോണ്ട് അടക്കമുള്ള വായ്പകൾ ഭരണഘടന വിരുദ്ധമെന്ന സിഎജിയുടെ കരട് റിപ്പോർട്ടാണ് ആക്ഷേപത്തിന് അടിസ്ഥാനം. വായ്പയുടെ ഭരണഘടനാ സാധുതയെപ്പറ്റി ഒരു ചോദ്യം പോലും എജി ചോദിച്ചില്ലെന്നും ഐസക് ആരോപിച്ചു.
പ്രതിപക്ഷനേതാവ് നിയമസഭയിൽ ഉന്നയിച്ച ആരോപണം സിഎജി റിപ്പോർട്ടിൽ വന്നതോടെ ഒരു അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് ഐസക്ക് ആരോപിക്കുന്നത്. കരട് റിപ്പോർട്ടിൽ തന്നെ കിഫ്ബിക്കെതിരെയുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് റിപ്പോർട്ട് അന്തിമമാകും മുമ്പേ ഐസക് നടത്തിയത്.

അതേസമയം,കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുള്ള സി എ ജി റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് വാർത്താ സമ്മേളനം നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.രാജ്യത്തെ ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവർത്തിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ധനമന്ത്രിയുടെ അമ്പരപ്പിക്കുന്ന നടപടി.

മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കരട് സി എ ജി റിപ്പോർട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തി. റിപ്പോർട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്നും മന്ത്രിക്ക് നോട്ടീസ് നൽകുമെന്നും ചെന്നിത്തല ആരോപിച്ചു.