കോഴിക്കോട്: ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായി. 20 യൂണിറ്റ് ഫയർഫോഴ്സ് മൂന്ന് മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമായതായി ജില്ല കളക്ടർ ആർ സാംബശിവറാവു അറിയിച്ചു. രാവിലെ ആറ് മണിയോട ആരംഭിച്ച തീപിടിത്തം 9 മണിയോടെയാണ് നിയന്ത്രണ വിധേയമായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രിക്കടക്ക് സമീപത്തു തന്നെ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്സും പൊലീസും ആദ്യം സ്വീകരിച്ചത്. നല്ലളം പൊലീസ് ഇടപെട്ട് ഈ സിലിണ്ടറുകൾ തീ പിടിത്തം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ എടുത്ത് മാറ്റിയിരുന്നു.ഗ്യാസ് സിലിണ്ടറുകൾക്കടുത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

നല്ലളം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.സമീപത്തെ കാർ ഷോറൂം അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് ഫയർയൂണിറ്റുകൾ ഇടപെടട്് തടഞ്ഞത് നാശനഷ്ടത്തിന്റെ തോത് കുറച്ചു. ആക്രി സാധനങ്ങൾ കത്തിയതു മൂലമുണ്ടായ പുക അന്തരീക്ഷത്തിൽ തങ്ങിനിന്നത് രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി.

വീടുകളിൽ നിന്നും പണം നൽകി സ്വീകരിച്ച ആക്രിവസ്തുക്കൾ ശേഖരിക്കുന്ന സ്ഥാപനത്തലാണ് തീ പിടിത്തമുണ്ടായത്. കത്തിനശിച്ചതിലധികവും ആക്രി സാധനങ്ങളായതിനാൽ തന്നെ നാശനഷ്ടം എത്രയാണെന്ന് കണക്കാക്കാനായിട്ടില്ല.