സാൻഫ്രാൻസിസ്‌കോ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം കർഷകരേയും ദോഷകരമായി ബാധിക്കുന്ന കേന്ദ്ര ഗവൺമെന്റ് പുതുതായി പാസാക്കിയ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിൽ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡിസംബർ അഞ്ചിന് സിക്ക് കൊയലേഷൻ സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ റാലിയിൽ സാൻഫ്രാൻസിസ്‌കോ, ഓക്ലാൻഡ്, ബെ- റിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ഇന്ത്യൻ അമേരിക്കൻ വംശജർ പങ്കെടുത്തു.

ബഹുഭൂരിപക്ഷം സിക്ക് വംശജർ അണിനിരന്ന പ്രകടനത്തിൽ പതാകകൾ വീശിയും, മുദ്രാവാക്യങ്ങൾ വിളിച്ചും ഇന്ത്യയിലെ കർഷകരുടെ നട്ടെല്ലൊടിക്കുന്ന, സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുന്ന, ഗവൺമെന്റിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന 'പ്രൈസ് ഗ്യാരന്റി' നഷ്ടപ്പെടുത്തുന്ന കാർഷികബിൽ പിൻവലിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പ്ലാക്കാർഡുകളും പ്രകടനക്കാർ ഉയർത്തിയിരുന്നു.

ഷെയിം ഓൺ ഇന്ത്യാ ഗവൺമെന്റ്, വി ആർ ഫാർമേഴ്സ് നോട്ട് ടെററിസ്റ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാർ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അത്യപൂർവമായ പ്രകടനം കാണുന്നതിന് നിരവധി പേർ റോഡിന് ഇരുവശത്തും അണിനിരന്നിരുന്നു.