തിരുവനന്തപുരം: വീണ്ടുമൊരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കേരളത്തിലെ ക്യാംപസ് രാഷ്ട്രീയം ചോരക്കളിയായിട്ട് കാലമേറെയായി. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ചോരക്കറ പുരണ്ടിട്ടും ഏതാണ്ട് അത്രത്തോളം കാലമായെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ആദ്യമായി ക്യാംപസിൽ ഒരുവിദ്യാർത്ഥി കൊല ചെയ്യപ്പെട്ടത് 1974 ൽ തലശ്ശേരി ബ്രണ്ണനിലെ എസ്എഫ്ഐ നേതാവ് അഷ്‌റഫ് ആയിരുന്നു. അതിനുശേഷം ഒന്നിനുപുറകെ മറ്റൊന്നായി വിവിധ സംഘടനകളുടെ നിരവധി വിദ്യാർത്ഥികൾ രക്തസാക്ഷികളും ബലിദാനികളുമൊക്കെയായി. അക്കൂട്ടത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ സംസ്ഥാന നേതാക്കൾ വരെ ഉണ്ടായിരുന്നു.

പത്തനംതിട്ട മുതൽ പമ്പ വരെ

1982 ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ചരിത്രത്തിലാദ്യമായി എസ്എഫ്ഐ വിജയിച്ചപ്പോൾ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിവി ജോസ് കെ.എസ്.യു പ്രവർത്തകരാൽ കൊല്ലപ്പെട്ടു. കേസിൽ സാക്ഷിമൊഴിയായിരുന്ന എംഎസ് പ്രസാദും രണ്ടുവർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടു. സർവകലാശാല കലോത്സവ വേദിയിൽ നടന്ന സംഘർഷത്തിനിടെയാണ് കെആർ കൊച്ചനിയൻ കുത്തേറ്റ് മരിക്കുന്നത്. 1992 ൽ എസ്എഫ്ഐയുടെ കോഴിക്കോട് ജില്ലാ ജാഥ അക്രമാസക്തമായപ്പോൾ എംഎസ്എഫ് പ്രവർത്തകരുടെ കല്ലേറിലാണ് ജോബി ആൻഡ്രൂസ് എന്ന എസ്എഫ്ഐ നേതാവ് ചോരവാർന്ന് കൊല്ലപ്പെട്ടത്.

പരുമല പമ്പ ദേവസ്വം ബോർഡ് കോളേജിൽ എബിവിപി ആദ്യമായി യൂണിയൻ പിടിച്ചതിന് പകരമായി എസ്എഫ്ഐക്കാർ എടുത്തത് ചെയർമാൻ അടക്കം മൂന്ന് എബിവിപി പ്രവർത്തകരുടെ ജീവനായിരുന്നു. പുറത്ത് നിന്നുള്ള സിഐടിയുക്കാർ അടക്കമുള്ളവർ കോളേജിനുള്ളിൽ കയറി എബിവിപിക്കാരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കാൻ തുടങ്ങിയപ്പോഴാണ് ജീവരക്ഷാർത്ഥം ചെയർമാൻ അനു അടക്കമുള്ള എബിവിപിക്കാർ കോളേജിന് പിന്നിലൂടെ നിറഞ്ഞൊഴുകുന്ന പമ്പാ നദിയിലേയ്ക്ക് എടുത്ത് ചാടി നീന്തി മറുകര കയറി രക്ഷപ്പെടാൻ ശ്രമിച്ചത്. പുഴ പകുതിയോളം നീന്തിയെത്തിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ കടവിലുണ്ടായിരുന്ന സ്ത്രീകൾ സാരി ഇട്ടുകൊടുത്തു. എന്നാൽ പിന്നാലെ എത്തിയ എസ്എഫ്ഐക്കാർ അവരെ ഇഷ്ടികയ്ക്കെറിഞ്ഞ് പമ്പയുടെ ആഴങ്ങളിലേയ്ക്ക് തള്ളിയിടുകയായിരുന്നു. അക്കൂട്ടത്തിൽ അനു, സുജിത്, കിം കരുണാകരൻ എന്നിങ്ങനെ മൂന്ന് എബിവിപിക്കാരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

കെ.എസ്.യുവിന്റെ  നഷ്ടങ്ങൾ

കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെപി സജിത് ലാലിനെ എസ്എഫ്ഐ- സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ സ്വദേശിയായ സജിത് ലാലിന് സിപിഎമ്മിന്റെ വധഭീഷണി ഉണ്ടായിരുന്നു. അതിനെതുടർന്ന് കുടുംബസമേതം തിരുവനന്തപുരത്തേയ്ക്ക് മാറിതാമസിച്ച സജിത് ലാൽ ഒരു കേസിന്റെ വിചാരണയ്ക്കായാണ് പയ്യന്നൂർ കോടതിയിലെത്തിയത്. കാറിൽ നിന്നും ഇറങ്ങിയ സജിത് ലാലിന്റെ തല ലക്ഷ്യമാക്കി പാഞ്ഞുവന്ന ബോംബ് അദ്ദേഹത്തിന്റെ ജീവനെടുത്തു.

1985 മെയ് 23ന് ആറ്റിങ്ങൽ ഐടിഐയിൽ നടന്ന എബിവിപി - കെഎസ്‌യു സംഘർഷത്തിന് ഒത്തുതീർപ്പുണ്ടാക്കുന്നതിന് അധികാരികൾ വിളിച്ചുചേർത്ത ചർച്ചയ്ക്കെത്തിയതായിരുന്നു കെഎസ്‌യു നേതാവായിരുന്ന വിജയകുമാർ. എന്നാൽ യോഗത്തിനിടയിൽ എബിവിപിക്കാർ കഠാരകൊണ്ട് കഴുത്തിനുപിന്നിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കെഎസ്‌യു മുകുന്ദപുരം താലൂക്ക് ഭാരവാഹിയായിരുന്ന ഫ്രാൻസിസ് കരിപ്പായിയെ 1980 ജൂൺ ഒമ്പതിനാണ് സിപിഎം പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്.

സംസ്ഥാന നേതാവ് സുധീഷും വഞ്ചിക്കപ്പെട്ട സെയ്ദാലിയും

എസ്എഫ്ഐ രക്തസാക്ഷികളുടെ പട്ടികയിൽ പ്രഥമസ്ഥാനം വഹിക്കുന്നവരാണ് തൃശൂരിലെ സെയ്ദാലിയും കണ്ണൂരിലെ കെവി സുധീഷും. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു കെവി സുധീഷ്. 1994 ലെ റിപ്പബ്ലിക്ക് ദിനത്തിൽ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ആർഎസ്എസ് പ്രവർത്തകർ മാതാപിതാക്കളുടെ മുന്നിലിട്ട് സുധീഷിനെ കൊലപ്പെടുത്തുകയായിരുന്നു.

ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച മറ്റൊരു കൊലപാതകമാണ് സെയ്ദാലിയുടെത്. എബിവിപി പ്രവർത്തകരാലാണ് സെയ്ദാലി കൊല്ലപ്പെട്ടത്. എന്നാൽ സെയ്ദാലി വധശ്രമക്കേസിൽ പ്രതിയായിരുന്ന ശങ്കരനാരായണൻ പിൽക്കാലത്ത് സിപിഎമ്മിലെത്തുകയും പേര് മാറ്റി എംഎൽഎ ആകുകയും ചെയ്തു. രണ്ടുതവണ കുന്നംകുളം എംഎൽഎ ആയിരുന്ന ബാബു എം പാലിശേരി ആയിരുന്നു അത്. എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയയാളെ പാർട്ടി എംഎൽഎ ആക്കിയതിനെതിരെ സിപിഎമ്മിനുള്ളിലും പുറത്തും എറെ ചർച്ചകളും പ്രതിഷേധങ്ങളും നടന്നിരുന്നു.

ബലിദാനികൾ

തിരുവനന്തപുരം ധനുവച്ചപുരം കോളേജിലെ എബിവിപി പ്രവർത്തകനായിരുന്ന മുരുകാനന്ദനെ എസ്എഫ്ഐ പ്രവർത്തകർ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കിടയിലാണ് പോപ്പുലർഫ്രണ്ട്- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ എബിവിപി പ്രവർത്തകരായ സച്ചിൻ ഗോപാലിനെയും വിശാലിനെയും കൊലപ്പെടുത്തിയത്. 21 വയസ്സുണ്ടായിരുന്ന സച്ചിൻ കണ്ണൂർ മോഡേൺ ഐ.ടി.സി വിദ്യാർത്ഥിയായിരുന്നു. എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്ന സച്ചിൻ കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്‌കൂളിനു മുന്നിൽ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പോപ്പുലർഫ്രണ്ട്- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്റ്റംബർ 5ന് സച്ചിൻ മരണപ്പെട്ടത്.

2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ നവാഗതരെ എബിവിപി നഗർ സമിതി പ്രസിഡന്റായിരുന്ന വിശാലിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ സ്വീകരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം വിശാലിനെയും സുഹൃത്തുക്കളേയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് മാരകമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് പുലർച്ചെ മരണമടയുകയായിരുന്നു. സംഭവത്തിൽ നേരിട്ടും ആസൂത്രണം നടത്തിയതുമായി 19 പ്രതികളാണ് ഉണ്ടായിരുന്നത്. പിടികൂടിയ പ്രതികളിൽ പലരും ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് 5 വർഷങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊലപാതകമായിരുന്നു വിശാലിന്റേത്.

നീളുന്ന രക്തസാക്ഷി പട്ടിക

1977 ൽ പന്തളം എൻഎസ്എസ് കോളേജിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി ജി ഭുവനേശ്വരൻ മുന്മന്ത്രി ജി. സുധാകരന്റെ സഹോദരൻ കൂടിയാണ്. സിപിഎം നേതാവിന്റെ മകളെ പ്രേമിച്ച മഹാരാജാസിലെ കെഎസ്‌യു പ്രവർത്തകനെ കുത്താൻ എത്തിയപ്പോഴാണ് സൈമൺ ബ്രിട്ടോയ്ക്ക് തിരിച്ച് കുത്തേറ്റത്. അതിന് ശേഷം മരണംവരെയും ശരീരം തളർന്ന് വീൽചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം. ബ്രിട്ടോയുടെ അടുത്ത അനുയായി കൂടിയായിരുന്ന അഭിമന്യുവും ക്യാംപസ് അക്രമത്തിലാണ് കൊല ചെയ്യപ്പെടുന്നത്. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യുവിന്റെ കൊലപാതകികൾ. സിസി ടിവി ദൃശ്യങ്ങൾ കാണാതായതിനെ പറ്റിയും ദുരൂഹത നിലനിൽക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതിനെ തുടർന്ന് ഒടുവിൽ അവർ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇപ്പോഴും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.

അപൂർണമാണ് ഈ പട്ടിക. ഇവിടെ പരാമർശിച്ചിരിക്കുന്നതിനെക്കാൾ എത്രയോ ദീർഘമാണ് ഓരോ വിദ്യാർത്ഥി സംഘടനകളുടെയും രക്തസാക്ഷി - ബലിദാനികളുടെ ലിസ്റ്റ്. അക്കൂട്ടത്തിലേയ്ക്ക് ഇപ്പോൾ ധീരജിന്റെ പേര് കൂടി. രക്തരൂക്ഷിതമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയചരിത്രം. സർഗാത്മക രാഷ്ട്രീയമൊക്കെ എന്നോ നമ്മൾ മറന്നു. രക്തസാക്ഷികളുടെ എണ്ണം കൂട്ടി ആവേശം കൊള്ളാനും ചോരയ്ക്ക് ചോര കൊണ്ട് മറുപടി ചോദിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ സമാധാനം വിളങ്ങുന്ന ക്യാംപസുകളിലേയ്ക്ക് ഇനിയും ദൂരം ഏറെയാണ്.