കൊല്ലം: കോവിഡ് കാലത്ത് സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നിന്നുള്ള കാമ്പസ് റിക്രൂട്ട്‌മെന്റ് 40 മുതൽ 50 ശതമാനംവരെ ഉയർന്നതായി കണക്കുകൾ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ 2021-ൽ പുറത്തിറങ്ങിയ ബാച്ചിലെ 864 പേർക്ക് നിയമന ഉത്തരവ് ലഭിച്ചു. 2020 ൽ അത് 631 ആയിരുന്നു. സർക്കാർ, സ്വാശ്രയ മേഖലയിലെ പ്രധാന കോളേജുകളിലെല്ലാം കാമ്പസ് റിക്രൂട്ട്മെന്റിൽ സമാനമായ വർധനയുണ്ടായിട്ടുണ്ട്.

നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മെഷീൻ ലേണിങ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിൽസാധ്യതയുണ്ടായതിന്റെ ഭാഗമാണ് എൻജിനീയറിങ് കാമ്പസ് റിക്രൂട്ട്‌മെന്റിൽ ഉണ്ടായ കുതിച്ച് ചാട്ടത്തിന് പിന്നിൽ. മാത്രമല്ല കോവിഡിനെ തുടർന്ന് നിരവധി മേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഇന്ത്യയിലെത്തി. ഇവർക്ക് ഡേറ്റ അനാലിസിസിനും മറ്റുമായി കൂടുതൽ കമ്പനികൾ രൂപമെടുത്തു. ചൈന ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യൂറോപ്യൻ കമ്പനികൾ പലതും ഇന്ത്യയിലേക്കെത്തി. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പഴയ പ്രോജക്ടുകളുടെ ജോലികൾ തുടങ്ങി. ഇതിന്റെയൊക്കെ ഭാഗമായി കൂടുതൽ ജീവനക്കാരെ വേണ്ടിവന്നപ്പോഴാണ് അവർ കേരളമടക്കമുള്ള സ്ഥലങ്ങളിലെ കാമ്പസുകളിലേയ്ക്ക് എത്തിയത്.

ടെക്കികളെ തേടിയെത്തിയ കമ്പനികളുടെ എണ്ണവും 50 ശതമാനം കൂടി. 2020-ൽ 82 കമ്പനികൾ തിരുവനന്തപുരം എൻജി. കോളേജിൽ എത്തിയിരുന്നത് ഇക്കൊല്ലം 124 ആയി. കോവിഡ് കാലത്ത് ഐ.ടി. രംഗത്തുണ്ടായ പുത്തനുണർവ് ശമ്പളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഏഴുലക്ഷം രൂപവരെയാണ് വാർഷിക ശമ്പളം. നേരത്തേ ഇത് 3.30-3.5 ലക്ഷം രൂപയായിരുന്നു. കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിൽ ഒരു വിദ്യാർത്ഥിക്ക് 33 ലക്ഷം രൂപയാണ് 'വെർച്യൂസാ' എന്ന അമേരിക്കൻ കമ്പനി നൽകിയത്.

കമ്പനികൾ പ്രധാനമായും തേടുന്നത് കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകാരെയാണ്. ഇക്കൊല്ലത്തെ എൻജിനിയറിങ് പ്രവേശനത്തിന് ഈ ബ്രാഞ്ചുകൾക്ക് ആവശ്യക്കാരേറെയുണ്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽത്തന്നെ കാമ്പസ് റിക്രൂട്ട്‌മെന്റ് പൂർത്തിയായെങ്കിലും ഇപ്പോഴും കുട്ടികളെ ആവശ്യപ്പെട്ട് ഒട്ടേറെ കമ്പനികൾ എത്തുകയാണ്. സീമെൻസ് അടക്കമുള്ള പല പ്രമുഖ കമ്പനികളും പുറമേ നിന്നുള്ള ഏജൻസികളെ (ടെസ്റ്റിങ് പാർട്ണർ കമ്പനി) യാണ് പരീക്ഷ നടത്താൻ ചുമതലപ്പെടുത്തുന്നത്.

മത്സര സ്വഭാവത്തോടെ കൂടുതൽ കമ്പനികൾ എത്തിയതോടെ ടി.സി.എസ്., കൊഗ്‌നിസന്റ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങൾ ശമ്പളം ഉയർത്തി. പ്രോഡക്ട് കമ്പനികളും കാമ്പസുകളിലെത്തുന്നത് ശമ്പള വർധനയ്ക്ക് കാരണമായിട്ടുണ്ട്. പരീക്ഷയും അഭിമുഖവും ഓൺലൈനായതിനാൽ കാമ്പസ്റിക്രൂട്ട്‌മെന്റെ് ഗ്രാമങ്ങളിലെ കോളേജുകളിലും എത്തി എന്നതൊരു ഗുണമാണ്.

എൻജിനിയറിങ് പഠനം ഒരു ഫാഷനായ രീതിക്ക് മാറ്റമുണ്ടായത് ഈ മേഖലയ്ക്ക് ഗുണകരമായിട്ടുണ്ട്. കൂടുതൽ പ്രതിഭകളെ കാമ്പസുകളിൽ നിന്നും ലഭിക്കുന്നുവെന്ന് ഇന്റർനാഷണൽ കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു.