ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനാവില്ലെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിന് ഇരയായി 3.85 ലക്ഷത്തിലേറെ മരണം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നും ഇത് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ ഓരോരുത്തർക്കും പണം നൽകാൻ കഴിയില്ലെന്നും പറഞ്ഞു.കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം 183 പേജുള്ള സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.

ഭൂകമ്പം അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്നാണ് ദുരന്തനിവാരണ നിയമത്തിൽ പറയുന്നതെന്നും മരണ സംഖ്യ വളരെ കൂടുതലായതിനാൽ ഇത് കോവിഡിനും ബാധമാക്കുന്നത് ഉചിതമല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് 4 ലക്ഷം രൂപ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നയം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ രംഗത്തെ വർധിച്ച ചിലവുകളും കുറഞ്ഞ നികുതി വരുമാനവും കാരണം സംസ്ഥാനങ്ങൾ ഇതിനോടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു. ധനസഹായം നൽകുന്നത് പകർച്ചവ്യാധി പ്രതിരോധത്തേയും ആരോഗ്യ രംഗത്തെ ചെലവുകളേയും ബാധിക്കുമെന്നും ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കുമെന്നും കേന്ദ്രം പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കോവിഡ് മരണം എന്ന് രേഖപ്പെടുത്തുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.