ഒട്ടാവ: ഒന്നിൽക്കൂടുതൽ ഭാര്യ അല്ലെങ്കിൽ ഭർത്താവുള്ളവരെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കാനഡ ഇമിഗ്രേഷൻ മിനിസ്റ്റർ ക്രിസ് അലക്‌സാണ്ടർ. ബഹുഭാര്യത്വം/ ബഹുഭർതൃത്വം പിന്തുടരുന്നവർ കുടിയേറ്റക്കാർക്കെതിരേ കാനഡ വാതിലടയ്ക്കുമെന്നാണ് ക്രിസ് അലക്‌സാണ്ടർ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കീഴ്‌വഴക്കങ്ങൾ ക്രൂരവും മൃഗീയവുമായ സാംസ്‌കാരിക നടപടികളാണെന്നും കാനഡ ഒരുതരത്തിലും ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കാനഡ വെളിപ്പെടുത്തി.

മിഡ്ഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യാ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ അടുത്തകാലത്തായി അരങ്ങേറുന്ന ദയാവധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി കാനഡ സ്വീകരിച്ചിരിക്കുന്നത്. മൃഗീയ സംസ്‌കാരം പിന്തുടരുന്നവരിൽ നിന്നും കാനഡക്കാരെ സംരക്ഷിക്കുന്നതിന് കുടിയേറ്റനിയമങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും ക്രിസ് അലക്‌സാണ്ടർ ചൂണ്ടിക്കാട്ടി.

നിലവിൽ കാനഡയിൽ കുടിയേറിയിരിക്കുന്നവർക്കും ഭാവിയിൽ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. കാനഡയുടെ സംസ്‌കാരത്തിൽ നിന്നു വ്യതിചലിക്കുന്നതും മനുഷ്യാവകാശ ധ്വംസന പരവുമായ കാര്യങ്ങളെ കാനഡ ഒരിക്കലും പ്രോത്സാഹിപ്പിക്കുയില്ല. നിർബന്ധിച്ചുള്ള വിവാഹം, വിവാഹത്തിന് കുറഞ്ഞ പ്രായപരിധി, ദയാവധം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് കാനഡ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമായ നിയമാവലി പ്രസിദ്ധീകരിക്കും.