മലപ്പുറം: പിഎസ്‌സി നിയമനങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ഫെയ്സബുക്കിൽ പോസ്റ്റിട്ട ഉദ്യോഗാർത്ഥിക്കെതിരെ അജ്ഞാത വധഭീഷണിയെന്ന് പരാതി. മലപ്പുറം എടവണ്ണ കിഴക്കെ ചാത്തല്ലൂർ സ്വദേശി ഹുദൈഫിനെതിരെയാണ് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയിരിക്കുന്നത്. കാസർകോഡ് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥിയാണ് ഹുദൈഫ്. ചാത്തല്ലൂരിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഹുദൈഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണ രംഗത്ത് സജീവമായി ഉണ്ടായിരുന്ന ആളാണ്. ചാത്തല്ലൂരിലെ കരിങ്കൽ ക്വാറിക്കെതിരായ സമരത്തിലും സജീവമായുണ്ടായിരുന്നു.

സമീപകാലത്ത് പിഎസ്‌സി നിയമനങ്ങൾക്കെതിരെയ ഉണ്ടായിട്ടുള്ള ആരോപണങ്ങളുടെ പശ്ചാതലത്തിൽ ഹുദൈഫ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പിഎസ്‌സിയെയും സർക്കാറിനെയും വിമർശിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീഷണി ഉണ്ടായിരിക്കുന്നുത്.

ബുധനാഴ്ച രാത്രിയാണ് കണ്ണൂരിൽ നിന്നാണെന്നും പറഞ്ഞ് രണ്ട് പേർ രണ്ട് തവണയായി ഹുദൈഫിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പിഎസ്‌സിക്കെതിരെയോ സർക്കാറിനെതിരെയോ ഇനിയും ശബ്ദിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹുദൈഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. കണ്ണൂരിൽ നിന്നാണെന്ന് പറഞ്ഞാണ് അവർ വിളിച്ചത്. എന്നാൽ അവരുടെ ശബ്ദവും സംസാര ശൈലിയും കേട്ടപ്പോൾ മനസ്സിലായത് അത് മലപ്പുറത്തെ പ്രാദേശിക സംസാര രീതിയാണെന്നാണ്.

ഇനിയും സർക്കാറിനെ വിമർശിച്ചാൽ ഉപദ്രവിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നെ പോലെ നിരവധിപേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നടക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രതിഷേധിച്ചിരുന്നു. ഞാനും അതാണ് ചെയ്തത്. വിവരാവകാശ രേഖകൾ ഉൾപ്പെടെയുള്ള പിഎസ്‌സിക്കെതിരായ പോസ്റ്റുകൾ വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആദ്യത്തെയാൾ വിളിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ആളും വിളിച്ച് ഭീഷണിപ്പെടുത്തി.രണ്ട് പേരും കണ്ണൂരിൽ നിന്നാണെന്നാണ് പറഞ്ഞത്. ഫോൺസംഭാഷണത്തിന്റെ ചെറിയൊരു ഭാഗം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഹുദൈഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹുദൈഫ് മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി പൊലീസ് ഹുദൈഫിനെ അറിയിച്ചിട്ടുണ്ട്. ഇമെയിൽ വഴിയാണ് ഹുദൈഫ് പരാതി നൽകിയിരിക്കുന്നത്. ഹുദൈഫിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡണ്ട് റിയാസ് മുക്കോളി, ഏറനാട് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായി പികെ ബഷീർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ രംഗത്തെത്തി. ഷാഫി പറമ്പിൽ എംഎൽഎ കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി ഹുദൈഫിന് പിന്തുണ അറിയിച്ചു