ബെംഗളൂരു: സാൻഡൽവുഡിലെ ലഹരിക്കടത്ത് കഥകൾക്കും നടിമാരുടെ അറസ്റ്റിനും പിന്നാലെ കർണാടകയിൽ വീണ്ടും ലഹരിവേട്ട. വടക്കൻ കർണാടകയിലെ രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ 1350 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കമലാപുരിയിലെ ഹോബ്ലിയിൽ നടത്തിയ റെയ്ഡിൽ 150 കിലോ കഞ്ചാവും കലഗി താലൂക്കിലെ ചെമ്മരിയാട് ഫാമിൽ നടത്തിയ റെയ്ഡിൽ 1200 കിലോ കഞ്ചാവം പിടിച്ചെടുത്തു.

സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് ഫാമിന്റെ ഭൂഗർഭ അറയിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായി ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. നഗരത്തിലെ ശേഷാദ്രിപുരം പ്രദേശത്തെ ഓട്ടോ ഡ്രൈവർ കോളജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിന് പിടിച്ചിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഒഡിഷയിൽ നിന്നാണ് കഞ്ചാവ് കർണാടകയിലേക്ക് എത്തുന്നതെന്നു പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഒഡിഷയിൽ നിന്ന് തെലങ്കാനയിൽ എത്തിക്കുന്ന കഞ്ചാവ് പച്ചക്കറി ലോറികളിലൂടെയാണ് കർണാടകയിലേക്ക് എത്തുന്നത്. ഇത് ഫാമിന്റെ ഭൂഗർഭ അറകളിൽ കുഴിച്ചിടുകയാണ് പതിവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കേസന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നൽകി.