തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേരും ഒളിവിലെന്ന നിഗമനത്തിലേക്ക് കേന്ദ്ര ഏജൻസികൾ. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്. ചോദ്യംചെയ്യാനായി നവംബർ 18-ന് ബെംഗളൂരു ഇ.ഡി. ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇവരെല്ലാം കണ്ണൂരിലാണെന്ന നിഗമനത്തിലേക്കാണ് കേന്ദ്ര ഏജൻസികൾ പോകുന്നത്. ഇവരെ കസ്റ്റഡിയിൽ എടുക്കാൻ ടിപി വധക്കേസ് പ്രതികളെ പിടിച്ചതിന് സമാനമായ മുടക്കോഴി മല ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് നിഗമനം.

സിപിഎം പാർട്ടിഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയ്ക്കു സമീപത്തുനിന്നാണ് ഷുഹൈബ് വധക്കേസിലെ രണ്ടു പ്രതികളേയും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളേയും പിടികൂടിയത്. കാർ പാലസ് ഉടമ അടക്കം ഈ മേഖലയിലേക്ക് മാറിയെന്നാണ് വിലയിരുത്തൽ. ടിപി കേസിലെ പ്രതി കൊടി സുനിയെ പിടിച്ച ഡിവൈഎസ്‌പിയായ ഷൗക്കത്തലി ഇപ്പോൾ കൊച്ചി എൻഐഎയിലാണ്. മുടക്കോഴി മലയെ നന്നായി ഷൗക്കത്തലിക്ക് അറിയാം. ഈ സാഹചര്യത്തിൽ ബിനീഷിന്റെ സുഹൃത്തുക്കളെ കണ്ടെത്താൻ തന്ത്രപരമായ നീക്കങ്ങൾ കേന്ദ്ര ഏജൻസി നടത്തുന്നുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കൾക്ക് മറ്റെന്നാൾ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. അന്ന് ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ ഇവരെ പിടിക്കാനുള്ള ഓപ്പറേഷൻസ് കേന്ദ്ര ഏജൻസികൾ സംയുക്തമായി തുടങ്ങും.

ആരും രാജ്യം വിട്ടു പോയിട്ടില്ലെന്നാണ് നിഗമനം. ബിനീഷ് കോടിയേരിയുമായി വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കൾക്കാണ് ഇ.ഡി. ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അബ്ദുൾ ലത്തീഫിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ബിനീഷ് കോടിയേരി കൈകാര്യംചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അനിക്കുട്ടൻ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി. വാദിക്കുന്നു. ഇവർ നാല് പേരെയും ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാലുപേർക്കും നോട്ടീസ് അയച്ചത്. അരുൺ കണ്ണൂരിലെ ഡിവൈഎഫ് ഐ നേതാവാണെന്നാണ് സൂചന.

അബ്ദുൾ ലത്തീഫിനും റഷീദിനും നേരത്തെയും എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ക്വാറന്റെയ്നിലാണെന്ന കാരണത്താൽ ഇരുവരും ഹാജരായിരുന്നില്ല. ഇതോടെയാണ് വീണ്ടും നോട്ടീസ് അയക്കാൻ അധികൃതർ തീരുമാനിച്ചത്. ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടൻ വലിയ തുക അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന് നേരത്തെ എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്കാണ് അനികുട്ടൻ പണം നിക്ഷേപിച്ചത്. അരുൺ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുകകൾ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ഹാജരാകാൻ 10 ദിവസത്തെ സമയം വേണമെന്ന് അരുൺ ഇ ഡി യോട് ആവശ്യപ്പെട്ടു എന്നും സൂചനയുണ്ട്. അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 20 തവണ അരുൺ പണം അയച്ചിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും എന്തിനുവേണ്ടിയാണ് അനൂപിന് പണം നൽകിയത് എന്നതുമാണ് പ്രധാനമായും ഇ ഡി ആരായുന്നത്. അനിക്കുട്ടൻ ഏഴ് ലക്ഷം രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. ലത്തീഫിനെ കാണാനില്ലെന്ന് വീട്ടുകാർ അറിയിച്ചതിനാൽ നോട്ടീസ് വീട്ടുകാർക്ക് കൈമാറുകയായിരുന്നു. ബിനീഷ് ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ബിനീഷിന്റെ ബിനാമിയാണ് അബ്ദുൾ ലത്തീഫ് എന്നാണ് ഇ ഡി നിഗമനം. ഗൾഫിൽ ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അടക്കം ലത്തീഫിന്റെ പങ്ക് സംശയിക്കുന്നുണ്ട്.

അബ്ദുൾ ലത്തീഫിന്റെ തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി പല സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. നേരത്തെ അബ്ദുൾ ലത്തീഫിന് നോട്ടീസ് നൽകിയപ്പോൾ അമ്മ കോവിഡ് പോസിറ്റീവ് ആണെന്നും നവംബർ 4 വരെ ക്വാറന്റീൻ ആണന്നുമുള്ള മറുപടിയാണ് നൽകിയത്. എന്നാൽ അതിനുശേഷവും ഇ ഡി ക്ക് മുന്നിൽ ഹാജരാവാൻ ലത്തീഫ് തയ്യാറായില്ല. ഇതേത്തുടർന്നാണ് ലത്തീഫിന് രണ്ടാംതവണയും നോട്ടീസ് നൽകിയത്.

ഈ നാല് പേരോടും ഹാജരാകാൻ നിർദ്ദേശിച്ച നവംബർ 18ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് ബിനീഷ് കോടിയേരിയുടെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. അന്നാണ് ബിനീഷിന്റെ ജാമ്യാപേക്ഷയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി നൽകേണ്ട ദിവസം. ഇ ഡിയുടെ 13 ദിവസത്തെ കസ്റ്റഡിക്ക് ശേഷം നവംബർ 11ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യാപേക്ഷ നൽകിയിരുന്നു.

ഇ ഡി ശക്തമായി എതിർത്തതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കാൻ ബംഗളൂരു സിറ്റി സെഷൻസ് കോടതി 34 തയ്യാറായില്ല. ജാമ്യം നൽകിയാൽ ബിനീഷ് രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ബിനീഷിന് കേരളത്തിൽ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ഇ ഡി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യാപേക്ഷ എങ്കിലും പരിഗണിക്കണമെന്ന് ബിനീഷിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അന്നതിന് തയ്യാറായില്ല. ബിനീഷിനെയും ബിനാമികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്ന് ഇ ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബിനീഷിന്റെ സുഹൃത്തുക്കൾ ചോദ്യം ചെയ്യലിന് എത്തിയാൽ ബിനീഷിനെ വീണ്ടും ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.