ഇടുക്കി: പൊലീസിന്റെ വാഹന പരിശോധന പലപ്പോഴും വിവാദമാകാറുണ്ട്. ശരിയായ രീതിയിലാണ് പരിശോധന എങ്കിൽ പോലും പൊലീസ് എന്തോ അതിക്രമം കാട്ടി എന്നു വരുത്തി തീർക്കാൻ ചിലർക്ക് വാസനയുണ്ട്. സോഷ്യൽ മീഡിയ കാലത്ത് സംഭവം ചിത്രീകരിച്ച വീഡിയോയുടെ ഒരഭാഗം മാത്രം പുറത്തുവിട്ട് പൊലീസിനെ പൊല്ലാപ്പിലാക്കാനും എളുപ്പമാണ്. ഇടുക്കി ചെറുതോണിയിൽ നടന്ന ഒരുസംഭവമാണ് ഇനി പറയുന്നത്. സംഭവത്തിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതിന്റെ പേരിൽ പൊലീസ് പഴിയും കേൾക്കുന്നുണ്ട്.

ഇന്ന് ഉച്ചക്ക് 12 മണിയോടടുത്ത് കരിമ്പനിലാണ് പൊലീസും കാർ യാത്രക്കാരും തമ്മിൽ പിടിവലിക്കും ബലപ്രയോഗത്തിനും വഴി തെളിച്ച സംഭവമുണ്ടായത്. എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുമ്പോൾ മാത്യു എന്ന ആളും സുഹൃത്തുക്കളും ഇവിടേക്ക് എത്തുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ യാത്രക്കാർക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് മാസ്‌ക് ധരിച്ചിരുന്നില്ല. മദ്യപിച്ച് മാസ്‌ക് വയ്ക്കാതെ കാറിൽ യാത്ര ചെയ്ത ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. മേൽവിലാസം ചോദിച്ചപ്പോൾ പറയാൻ തയ്യാറാകാതെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തട്ടിക്കയറി.

അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് തുടർ നടപടികളുമായി പൊലീസ് നീങ്ങുന്നതറിഞ്ഞ യാത്രക്കാർ പ്രതിഷേധിച്ചു. കാറിനുള്ളിൽ മാസ്‌ക് ധരിക്കാതിരുന്നത് പൊലീസ് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ മാത്യു അസഭ്യവർഷവുമായി കാറിന് പുറത്തിറങ്ങി.
ഇയാളെ സമാധാനപ്പെടുത്തി നടപടികളുമായി മുന്നോട്ടു പോകാൻ പൊലീസ് ശ്രമിച്ചെങ്കിലും മാത്യു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
ഇതോടെ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് സംഘം നിർദ്ദേശിച്ചു. എന്നാൽ ഇയാൾ അപ്പോഴും പൊലീസിനോട് കയർക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു.

പൊതുനിരത്തിൽ നാട്ടുകാർ നോക്കി നിൽക്കെ, പരിധിവിട്ട അസഭ്യവർഷവും തട്ടിക്കയറലുമായതോടെ് ബലംപ്രയോഗിച്ച് ഇയാളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരാനായി പൊലീസ് നീക്കം. പിന്നെ പിടിവലിയായി. പൊലീസ് സ്റ്റേഷനിൽ എത്തിക്കുവാൻ എസ് .ഐ ഉൾപ്പെടെ 4 പൊലീസുകാരുടെ നേതൃത്വത്തിൽ ഏറെ നേരം ശ്രമിച്ചെങ്കിലും മാത്യുവിനെ പൊലീസ് വാഹനത്തിൽ കയറ്റാൻ സാധിച്ചില്ല. ശ്രമത്തിനിടെ ആക്രമണവും നടന്നു. ഒടുവിൽ പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് മാത്യുവിനെ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

സ്റ്റേഷനിലെത്തിയപ്പോൾ കാലിന് വേദനയുണ്ടെന്നും മൂത്രം പോകുന്നില്ലന്നും മറ്റും പറഞ്ഞ് ഇയാൾ ബഹളം തുടങ്ങി. തുടർന്ന് പൊലീസ് മാത്യുവിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കി. വൈകിട്ടോടെ 3 പേർക്കെതിരെയും കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ മാത്യു അടക്കം 3 പേരെയാണ് ഇടുക്കി പൊലീസ് അറസ്റ്റുചെയ്തത്. ഉപ്പുതോട് മെഴുവേലിൽ മാത്യു വർഗിസ് (53), കുഴി കണ്ടത്തിൽ റോഷൻ ജോസഫ് (45), കറുകപ്പിള്ളിൽ ജെറൊമി ജോസ് (50) എന്നിവരുടെ പേരിലാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തിട്ടുള്ളത്.

കേസെടുത്ത ശേഷം മാത്യുവിനെ ജാമ്യത്തിൽ വിട്ടു. തുടർന്ന് പൊലീസ് തന്നെ മർദ്ദിച്ചെന്നാരോപിച്ച് ഇയാൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡമിറ്റായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ, തങ്ങൾ ഡ്യൂട്ടിചെയ്തത് മാത്രമേ ഉള്ളുവെന്നും അത് തടസ്സപ്പെടുത്തുകയായിരുന്നു മാത്യുവും സുഹൃത്തുക്കളും എന്നാണ് പൊലീസ് ഭാഷ്യം.