കൊച്ചി: സീറോ മലബാർ സഭ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി ഉണ്ടായിരുന്നു. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് ഹർജികളാണ് ആലഞ്ചേരി നൽകിയിരുന്നത്. ഈ ആറു ഹർജികളും ഹൈക്കോടതി തള്ളി. ഇതോടെ കർദിനാൾ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ വരും. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത് ആലോചനയിലുണ്ട്. എന്നാൽ വിധി എതിരായാൽ അത് പ്രതിസന്ധി കൂട്ടും. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സഭ

നേരത്തെ, തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ അപ്പീൽ അനുവദിക്കപ്പെട്ടില്ല. ഇതിനൊപ്പം വിവാദ ഭൂമിയിടപാടിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് 5.89 കോടി രൂപ പിഴ ചുമത്തി. ഇതും കോടതിയിലെ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇരട്ട പ്രഹരമാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

ഇടപാടിൽ കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. പിഴയിട്ടതിൽ കുറച്ചുഭാഗം അതിരൂപത കെട്ടിവെച്ചിരുന്നു. ഇതിനുപുറമേയാണ് 3.42 കോടി കൂടി പിഴയിട്ടിരിക്കുന്നത്. രജിസ്റ്റർചെയ്തതിന്റെ ഇരട്ടിവിലയ്ക്കാണ് ഭൂമി വിറ്റതെന്നും കണ്ടെത്തി. കണക്കുകളിൽ അവ്യക്തതയാണെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. അതേസമയം, ഭൂമിയിടപാട് നടത്തിയവരും ഗുണഭോക്താക്കളും പിഴയടയ്ക്കട്ടെ അല്ലെങ്കിൽ നിയമനടപടി നേരിടട്ടെ എന്ന നിലപാടിലാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അൽമായ സംഘടനകളും. ഇതും പ്രതിസന്ധിയാണ്. വിചാരണ നേരിടുന്ന കർദിനാൾ ചുമതലയിൽ ഒഴിയണമെന്ന ആവശ്യവും ഇവർ ഉയർത്തും.

തെക്കന്മാരും വടക്കന്മാരും തമ്മിലെ ഭിന്നതയാണ് സിറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾക്ക് കാരണം. തെക്കു നിന്നുള്ള അലഞ്ചേരിയെ അംഗീകരിക്കാത്ത വടക്കുള്ളവർ ഈ സാഹചര്യം പരമാവധി ഉപയോഗിക്കും. ഇതിന് പണക്കേസ് വഴിയൊരുക്കും. ആലുവ മറ്റൂരിലെ 23 ഏക്കറിൽ ആശുപത്രി നിർമ്മിക്കുന്നതിനാണ് 2016-ൽ അതിരൂപത 58 കോടി ബാങ്ക് വായ്പയെടുത്തത്. പദ്ധതി നടന്നില്ല. വായ്പ തിരിച്ചടയ്ക്കുന്നതിനായി കാക്കനാട്, മരട് എന്നിവിടങ്ങളിലെ സഭാഭൂമിയാണ് ആദ്യംവിറ്റത്.

എന്നാൽ, കടം തിരിച്ചടയ്ക്കാതെ കോട്ടപ്പടി, മൂന്നാർ എന്നിവിടങ്ങളിൽ ഭൂമി വാങ്ങുകയാണ് സഭചെയ്തത്. കൂടിയവിലയ്ക്ക് വിൽക്കുകയെന്ന ഉദ്ദേശ്യത്തിലാണ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നാർ ദേവികുളത്തെ ഭൂമിയിടപാടിൽ കണക്കിൽപ്പെടാത്ത പണം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. 17 ഏക്കറിന് യഥാർഥമൂല്യം 1.60 കോടിയായിരുന്നു. ഇതിന് രജിസ്ട്രേഷൻ തുകയായ 25 ലക്ഷം രൂപമാത്രമാണ് സഭ നൽകിയിരിക്കുന്നത്. ഈ ഇടപാട് മൂന്നുകോടി രൂപയുടേതായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

3.5 കോടി രൂപ പിഴയൊടുക്കണമെന്ന നോട്ടീസിനെതിരേ അപ്പീൽ നൽകി എറണാകുളം അങ്കമാലി അതിരൂപത നിയമ പോരാട്ടം നടത്തും. ഇടപാടുകൾക്ക് നേതൃത്വംനൽകിയ കർദിനാൾ ആലഞ്ചേരിയെ മുഴുവൻ ചുമതലകളിൽനിന്ന് പുറത്താക്കാൻ സിറോ മലബാർസഭ സിനഡ് വത്തിക്കാനോട് ആവശ്യപ്പെടണമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.