ടെൽ അവീവ്: പഴയ എഫോണ് മോഡലുകളുടെ പെർഫോമൻസ് കുറച്ചു എന്ന് ആപ്പിൾ സമ്മതിച്ചതിന് പിന്നാലെ കമ്പനിക്ക് എതിരെ ഇസ്രയേലിൽ കേസ്. ബാറ്ററികൾക്ക് പഴക്കമുള്ള ഐഫോണുകളുടെ പെർഫോമൻസ് അൽപം കുറയ്ക്കുകയും ഒടുക്കം പലതരത്തിൽ പരാതികൾ ഉയരുകയും ചെയ്തിരുന്നു. പഴയ ലിഥിയം അയേൺ ബാറ്ററികളുള്ള മോഡലുകളിൽ സോഫ്റ്റ് വെയർ അപ്‌ഡേഷൻ നല്കിയാണ് ആപ്പിൾ ഫോണുകളുടെ വേഗത മന്ദീഭവിപ്പിച്ചത്. ഇതെല്ലാം ഉപഭോക്താക്കൾ അറിയാതെയാണ് നടന്നതെന്നാണ് ഇപ്പോൾ കമ്പനിക്ക് വിനയാകുന്നത്.

എത്ര ശ്രമിച്ചാലും ഹാങ്ങാവില്ലെന്ന് പറഞ്ഞ ഫോൺ വേഗം കുറഞ്ഞു തുടങ്ങിയതോടെ പലരും ഞെട്ടിപ്പോയിരുന്നു. ലോകത്തെമ്പാടും വിൽക്കുന്ന ഫോണുകൾ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എക്കാലത്തും എന്നതും വലിയ ചർച്ചയായി. ഇത്തരത്തിൽ ഫോണുകൾ വേഗം കുറഞ്ഞ് തുടങ്ങിയതോടെ ഉപഭോക്താക്കൾ അത്ഭുതപ്പെട്ടുപോയി. പുതിയ മോഡലുകൾ വാങ്ങിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനാണ് കമ്പനി ഇത്തരമൊരു നീക്കം നടത്തിയതെന്ന വാദവും ഉയർന്നു. ഫോണ് ഒരു സുപ്രഭാതത്തില് ഇഴയാന് തുടങ്ങിയതോടെ പലരും പുതിയത് വാങ്ങാൻ നിർബന്ധിതരായി.

സംഭവത്തിന് ശേഷം സൗജന്യമായോ വില കുറച്ചോ ബാറ്ററികൾ മാറ്റി നൽകാൻ തയാറാകാതെ ആപ്പിൾ കമ്പനി ഉപഭോക്താക്കളെ പുതിയ ഫോൺ വങ്ങാൻ നിർബന്ധിക്കുകയാണെന്നും ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കൾ കേസ് നല്കിയിരിക്കുന്നത്. ഇസ്രയേലിൽ രണ്ട് പരാതിക്കാർ 120 ദശലക്ഷം ഡോളറാണ് ആപ്പിളിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും നിരവധി പരാതികൾ വന്നിട്ടുണ്ട്.

ലിഥിയം അയേൺ ബാറ്ററിയാണ് കുഴപ്പക്കാരനെന്നും കാലപ്പഴക്കം ചെല്ലുമ്പോഴും തുടർച്ചയായ ചാർജിങ് മൂലവും ഇത്തരം ബാറ്ററികളിൽ ചാർജ് എത്താതെ വരുമെന്ന് കണ്ടെത്തിയതോടെയാണ് ഫോണിന്റെ വേഗംകുറച്ചുള്ള പരീക്ഷണം തുടങ്ങിയതെന്നാണ് സൂചന. ബാറ്ററി തണുത്താലും കുറഞ്ഞ ചാർജും എല്ലാം ബാറ്ററി ലൈഫിനെ ബാധിക്കും.

സമീപ കാലത്ത് ചില ഐഫോൺ മോഡലുകൾ തനിയെ ഷട്ട്ഡൗൺ ആകുന്ന പരാതിയുണ്ടായതോടെയാണ് കമ്പനി ഇത്തരമൊരു വിശദീകരണവുമായി എത്തിയത്. ഗീക്‌ബെഞ്ച് അടക്കമുള്ള സ്മാർട് ഫോണുകളുടെ പ്രൊസസർ റാങ്കിങ് സൈറ്റുകളാണ് ഐഫോൺ 6, 7 മോഡലുകളിൽ വന്ന വേഗക്കുറവ് ചൂണ്ടിക്കാട്ടിയത്. ഇതോടെ വിഷയം ആഗോളതലത്തിൽ വലിയ ചർച്ചയായി. ഇത്തരം അനുഭവങ്ങൾ തുറന്നുപറഞ്ഞ് നിരവധി പേരും രംഗത്തെത്തി.