കണ്ണൂർ: പള്ളി അൾത്താരയിൽ നടത്തിയ പ്രസംഗം വിവാദമായതോടെ ഇരിട്ടിയിൽ ക്രിസ്തീയ വൈദികനെതിരെ പൊലീസ് കേസെടുത്തു. ഇരിട്ടി മണിക്കടവ് പള്ളി തിരുനാളിനോട്് അനുബന്ധിച്ച് മതവിദ്വേഷ പ്രസംഗം നടത്തിയ ഇരിട്ടി കുന്നോത്ത് പള്ളിയിലെ വൈദികനായ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് ഉളിക്കൽ പൊലിസ് കേസെടുത്തത്.

മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെയായിരുന്നു പ്രകോപനപരമായ പ്രസംഗം. ഹലാൽ ഭക്ഷണത്തിന് എതിരെയായിരുന്നു വൈദികന്റെ പ്രസംഗം. എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖലാകമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിലാണ് സമൂഹത്തിൽ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്വേഷം പരത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന കുറ്റമാരോപിച്ചു പൊലിസ് കേസെടുത്തത്.

ഹലാൽ അടക്കമുള്ള വിഷയങ്ങളിൽ മുസ്ലീങ്ങൾക്കെതിരെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയും മോശമായി പ്രസംഗിച്ചു വെന്നും ഇതിനു ശേഷം മുസ്ലിം സംഘടനകളിൽ നിന്നും വിമർശനമുയർന്നതിനെ തുടർന്ന് തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലിൽകുട്ടികൾക്ക് മതപഠനം കൂടി നടത്തുന്നയാളാണ് ഫാദർ ആന്റണി തറൈക്കടവിൽ.