മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്‌സൽ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്‌സൽ ശ്രദ്ധേയനായിരുന്നു.

ഇന്ന് വൈകുന്നേരെ താനൂർ ബീച്ചിൽ വച്ചാണ് സംഭവം. ജെയ്‌സലും മറ്റ് രണ്ട് പേരും ചേർന്ന് സദാചാര പൊലീസ് ചമഞ്ഞാണ് ഇരുവരുടെയും അടുത്തതെത്തി. തുടർന്ന് നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ജെയ്‌സൽ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയായിരുന്നു. എന്നാൽ, ഈ പണം നൽകാനാവില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവ് പറഞ്ഞു. തുടർന്ന് യുവാവ് മറ്റൊരു സുഹൃത്തിനെ കൊണ്ട് 5000 രൂപ ജെയ്‌സലിന്റെ അക്കൗണ്ടിൽ വാങ്ങിയെടുക്കുകയായിരുന്നു.

ഇത് സംബന്ധിച്ച പരാതി പൊലീസിൽ എത്തിയിട്ടുണ്ട്. ജെയ്‌സലിനെതിരെ കേസെടുത്തെന്ന വാർത്ത പുറത്തുവന്നപ്പോഴും സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. പ്രളയകാലത്ത് മുതുക് ചവിട്ടുപടികളാക്കി രക്ഷനായ മത്സ്യത്തൊഴിലാളിയായ ജെയ്സൽ മലയാളക്കരയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിന് കെട്ടിവെക്കാനുള്ള പണം നൽകിയത് ജെയ്സലായിരുന്നു.