ലക്‌നൗ: സനാതന ഹിന്ദുവിനെ ഭീകര സംഘടനകളുമായി താരതമ്യം ചെയ്ത സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേസ്. ഖുർഷിദ് രചിച്ച 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്' പുസ്തകത്തിലെ പരാമർശമാണ് കേസിലേക്ക് നയിച്ചത്.

ലക്‌നൗ മജിസ്ട്രേറ്റ് കോടതിയാണ് സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഖുർഷിന് എതിരായ എഫ്ഐആറിന്റെ പകർപ്പ് മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ആവശ്യപ്പെട്ടു. 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിൽ സമൽമാൻ ഖുർഷിദ് സനാതന ഹിന്ദുവിനെ തീവ്രവാദ സംഘങ്ങളായ ഐഎസ്, ബൊക്കോ ഹറാം എന്നിവയുമായി താരതമ്യപ്പെടുത്തുന്നുണ്ട്.

ഇത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ശുഭാംഗി തിവാരി എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. പുസ്തകം പൊതുസമാധാനം തകരാൻ കാരണമാകുമെന്നും സമാധാനം നിലനിർത്തേണ്ടത് എല്ലാ വ്യക്തികളുടെയും കടമയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ് നേരത്തെ തന്നെ വിവാദങ്ങൾ ഇടം പിടിച്ചിരുന്നു. എന്നാൽ തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വ നിലപാടുകളെ ചോദ്യംചെയ്യുന്നതുമാണ് എന്നായിരുന്നു സൽമാൻ ഖുർഷിദ് വ്യക്തമാക്കിയത്. നേരത്ത സമാനമായ ആരോപണങ്ങൾ ഉയർത്തി അഭിഭാഷകനായ വിനീത് ജിന്ദാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണവും പ്രചാരണവും വിൽപനയും തടയണമെന്നും ഹർജി ആവശ്യപ്പെട്ടിരുന്നു.