കണ്ണുർ: തളിപ്പറമ്പിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രകടനവും പൊതുസമ്മേളനവും നടത്തിയതിന് ഷാഫി പറമ്പിൽ എംഎ‍ൽഎയുൾപ്പെടെയുള്ള യുത്ത് കോൺഗ്രസ് നേതാക്കളടക്കം ആയിരം പേർക്കെതിരെ പൊലിസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ സംഘടിപ്പിച്ച പദയാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ ലഘിച്ചതിനാണ് ആയിരത്തോളം പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഷാഫി പറമ്പിൽ എം എൽ എ, കെ.എസ്. ശബരീനാഥ് തുടങ്ങിയ ആയിരത്തോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കോവിഡ് നിയമം ലംഘിച്ചതിനുമാണ് തളിപ്പറമ്പ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ 90 മണ്ഡലങ്ങളിൽ നിന്നും ആയിരത്തിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ധർമ്മശാലയിൽ നിന്നും ആരംഭിച്ച് തളിപ്പറമ്പ് ടൗൺസ്‌ക്വയറിൽ പദയാത്ര അവസാനിച്ചു. ടൗൺ സ്‌ക്വയറിൽ നടന്ന സമാപന സമ്മേളനത്തിലും നിരവധിയാളുകൾ പങ്കെടുത്തിരുന്നു.