തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായ കാത്ത്ലാബിൽ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്ലാബ് ചികിത്സകളും വിജയിച്ചു. കേരള പിറവി ദിനമായ ഇന്ന് മുതലാണ് കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചത്. കൊല്ലം സ്വദേശികളായ 55 കാരനും 60 കാരനും ആൻജിയോപ്ലാസ്റ്റി ചികിത്സയാണ് നൽകിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇവർ കൊല്ലം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പരിശോധനയിൽ ഹൃദയ ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ആദ്യം ആൻജിയോഗ്രാമും തുടർന്ന് ആൻജിയോപ്ലാസ്റ്റിയും നടത്തി.

കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രവീൺ വേലപ്പന്റെ നേതൃത്വത്തിലാണ് ചികിത്സ നൽകിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദ്, ആശുപത്രി സൂപ്രണ്ട് ഡോ. ജി.എസ്. സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കാത്ത്ലാബിന് പുറമേ എട്ട് കിടക്കകളുള്ള കാർഡിയാക് ഐസിയു പ്രവർത്തനവും ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി വിഭാഗത്തിന് പുറമെ എക്കോ, ടിഎംടി ചികിത്സകളും തുടങ്ങിയിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിക്ക് പുറമെ പേസ്മേക്കർ, ഇൻട്രാ കാർഡിയാക് ഡിഫെബ്രുിലേറ്റർ , കാർഡിയാക് റീ സിങ്ക്രണൈസേഷൻ തെറാപ്പി എന്നീ നൂതന ചികിത്സകളും ഇനി ലഭ്യമായി തുടങ്ങും.

ദേശീയ പാതയോട് ചേർന്നുള്ള കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചതോടെ സമയം വൈകാതെ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. വളരെയേറെ ചെലവുള്ള കാത്ത് ലാബ് ചികിത്സ മെഡിക്കൽ കോളേജിൽ സജ്ജമായതോടെ പാവപ്പെട്ട ധാരാളം രോഗികൾക്ക് അനുഗ്രഹമാകും. സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കാത്ത്ലാബ് ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.കാർഡിയോളജി വിഭാഗത്തിനും കാത്ത്ലാബിനുമായി ആവശ്യമായ ജീവനക്കാരെ നിയമിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിലെ പോലെ ഹൃദയ സംബന്ധമായ ചികിത്സകൾ ഇനി മുതൽ കൊല്ലം മെഡിക്കൽ കോളേജിലും ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.