മുംബൈ: ബോളിവുഡ്നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ സംഘം നടന്റെ കാമുകി റിയ ചക്രവർത്തിയെ ചോദ്യം ചെയ്തു. ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള സിബിഐയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ റിയ ചക്രവർത്തി തയ്യാറായില്ല എന്നാണ് റിപ്പോർട്ടുകൾ. ചില ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ച നടി ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ നിയന്ത്രണംവിട്ട് ശബ്ദമുയർത്തുകയും ചെയ്തു.

സിബിഐ സംഘം ഉടൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥരെ കാണും. നടിക്ക് ലഹരിമരുന്നു കടത്തുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടർന്നാണ് എൻസിബി അന്വേഷണം ആരംഭിച്ചത്. റിയയുമായി ലഹരിമരുന്ന് ഇടപാട് ഉണ്ടായിരുന്നതായി സംശയിക്കുന്ന ഗോവയിലെ ഹോട്ടൽ വ്യവസായി ഗൗരവ് ആര്യ ഇന്നു മുംബൈയിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകും.

സുശാന്തിന്റെ മുംബൈയിലുള്ള സഹോദരി മീട്ടു സിങ്ങിനെയും സിബിഐ ഇന്നു ചോദ്യം ചെയ്തേക്കും. അ‍ഞ്ചു ദിവസം സുശാന്തിനൊപ്പം താമസിച്ച മീട്ടു, സഹോദരൻ മരിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് സ്വന്തം വീട്ടിലേക്കു മടങ്ങിയത്. റിയയുടെ സഹോദരൻ ഷോവിക്കിനെ തുടർച്ചയായ നാലാംദിവസവും ചോദ്യം ചെയ്തു. സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, ഫ്ലാറ്റ് മാനേജർ സാമുവൽ മിറാൻഡ, വീട്ടുജോലിക്കാരൻ കേശവ് എന്നിവരെയും സിബിഐ വിളിപ്പിച്ചിരുന്നു. റിയയെ മൂന്നാം ദിവസം 8 മണിക്കൂർ തുടർന്ന ചോദ്യം ചെയ്യലിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുയർന്നു.

റിയ ചക്രവർത്തിക്ക്​ എതിരായ മയക്കുമരുന്ന്​ കേസിൽ രണ്ട്​ പേരെ നാർകോട്ടിക്ക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലും സിനിമ, സീരിയൽ മേഖലകളിലും കഞ്ചാവ്​ ഉൾപ്പെടെയുള്ള മയക്കുമരുന്ന്​ വിതരണം ചെയ്യുന്നവരാണ്​ ഇവർ. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട്​ ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന്​ എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ നിന്ന്​ മയക്കുമരുന്ന്​ കണ്ടെത്തിയിട്ടുണ്ട്​.റിയയ്ക്ക് എതിരായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്​സ്‌​മെന്റ്​ ഡയറക്​ടറേറ്റാണ്​ അവരുടെ മയക്കുമരുന്ന്​ റാക്കറ്റ്​ ബന്ധം കണ്ടെത്തിയത്​. റിയ നീക്കംചെയ്​ത വാട്​സാപ്പ്​ ചാറ്റുകൾ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു. തുടർന്ന്​ ഇ.ഡി വിവരങ്ങൾ കൈമാറുകയും പ്രാഥമിക അന്വേഷണത്തിന്​ ശേഷം എൻ.ഡി.പി.എസ്​ നിയമത്തിലെ 20,22,27,29 വകുപ്പുകൾ പ്രകാരം എൻ.സി.ബി കേസെടുക്കുകയുമായിരുന്നു.