കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുൻ ഉദുമ എംഎൽഎയും പാർട്ടി കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്. പെരിയ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈര്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നൽകിയത്.

ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഢാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവിൽ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കം ഉൾപ്പെടെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷൻ ബഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

പെരിയ ഇരട്ടക്കൊലക്കേസിൽ ഓരോ പ്രതികൾക്കും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയെന്ന് കണ്ടെത്തലാണ് സിബിഐയുടേത്. ആദ്യ സംഘം കൊല നടത്തി. ഇരകളെ നിരീക്ഷിക്കാനും പിന്തുടർന്നു വിവരങ്ങൾ കൊലയാളി സംഘത്തിനു കൈമാറാനുമുള്ള ചുമതലയായിരുന്നു രണ്ടാമത്തെ സംഘത്തിന്. ആയുധങ്ങൾ കൈമാറാനും കൊലയ്ക്കു ശേഷം പ്രതികൾക്കു കടന്നുകളയാനുള്ള വാഹനം തയാറാക്കാനും മൂന്നാമത്തെ സംഘം.

രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ നാലാമതൊരു സംഘം. പിടിക്കപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു പൊലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും അഞ്ചാമത്തെ സംഘം. ആദ്യം അറസ്റ്റിലായ 14 പ്രതികളിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള മുഴുവൻ നീക്കവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ നടത്തിയിരുന്നു. രാഘവൻ വെളുത്തോളി, കെ.വി.ഭാസ്‌കരൻ എന്നിവർക്കൊപ്പം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത് ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനായിരുന്നു.

ഗോപൻ വെളുത്തോളിയാണ് കൊലയാളി സംഘത്തിനു സഞ്ചരിക്കാനുള്ള വാഹനവും മറ്റുസഹായവും എത്തിച്ചത്. കൊലയ്ക്കു ശേഷം മാറി ധരിക്കാനുള്ള വസ്ത്രങ്ങളും ഒളിസങ്കേതവും ഒരുക്കി. 13ാം പ്രതി ബാലകൃഷ്ണൻ കൊലപാതക ദിവസവും തലേന്നും തങ്ങിയതു ഗോപകുമാറിന്റെ വീട്ടിലാണ്. 9ാം പ്രതി മുരളിയുടെ കാറിൽ 24ാം പ്രതി സന്ദീപിനൊപ്പം കൊലയാളികളെ സിപിഎം പാർട്ടി ഓഫിസിലെത്തിച്ചു. 12ാം പ്രതി ആലക്കോട് മണിയാണു (മണികണ്ഠൻ) കാറോടിച്ചത്.

സന്ദീപ് വെളുത്തോളി പ്രതികളെ പാർട്ടി ഓഫിസിൽ എത്തിക്കാൻ പോയി. 23ാം പ്രതി ഗോപകുമാറിനൊപ്പം പ്രതികളുടെ സുരക്ഷ ഉറപ്പാക്കാൻ ബൈക്കിൽ പിന്തുടർന്നു. കൊലപാതകത്തിനു ശേഷം പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു. യുഎഇയിലേക്കു കടക്കാനായി 8ാം പ്രതി സുബീഷിനെ ബെംഗളൂരുവിൽ എത്തിച്ചു.

ഗൂഢാലോചനയിൽ പങ്കെടുത്തവർ മുതൽ കൊലയ്ക്കു ശേഷം പ്രതികളെ കടത്തിക്കൊണ്ടു പോകാനും രക്തംപുരണ്ട ഇവരുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമിച്ച പ്രതികളെയാണ് സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുപ്പമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അവർ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുമെന്നു സിബിഐ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചിരുന്നു.