ന്യൂഡൽഹി: ഝാർഖണ്ഡിൽ പ്രഭാതസവാരിക്കിടെ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചതിൽ അസ്വാഭാവികതയെന്ന ആരോപണം നിലനിൽക്കെ അന്വേഷണം എറ്റെടുത്തു സിബിഐ. ധൻബാദ് ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് ജൂലായ് 28-നാണ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മരണത്തിൽ അസ്വാഭാവികത ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.

നഗരത്തിലെ രൺധീർ വർമ ചൗക്കിനു സമീപത്തുള്ള ന്യൂ ജഡ്ജ് കോളനിക്കടുത്തുള്ള വളവിൽവച്ചാണ് അദ്ദേഹത്തെ വാഹനം ഇടിച്ചത്. പതിവു പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി ആനന്ദിനെ ഒരു ഓട്ടോ റിക്ഷ പിന്നിൽ നിന്ന് വന്നിടിക്കുകയായിരുന്നു. അതിനുശേഷം വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ് കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.