ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.

99.04 ശതമാനമാണ് ഇത്തവണ വിജയം. റജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത് 99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളിൽ ഏറ്റവും പിന്നിൽ.

വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 57,824 പേർ(2.76%). 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 2,00,962 പേർ(9.58%). കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം.

20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. cbseresults.nic.incbse.gov.in എന്നി വെബ്സൈറ്റുകളിൽ ഫലം അറിയാം.

കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിലോക്കർ വെബ്സൈറ്റ് digilocker.gov.in  ലും ഫലം അറിയാനാകും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.

മൂല്യനിർണയത്തിൽ അതൃപ്തിയുള്ള കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത്. ഇന്റേണൽ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷകൾ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിർണയം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഏപ്രിലിൽ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്റേണൽ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുകയായിരുന്നു.