ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലെ അവസാനവർഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതൽ ജൂൺ ഒന്നുവരെയാണ് പരീക്ഷ. എന്നാൽ പ്ലസ്ടു പരീക്ഷകൾ ജൂൺ 14നാണ് അവസാനിക്കുക. നേരത്തെ ഇത് 11 ആയിരുന്നു.

മുൻപ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചത്. 12-ാം ക്ലാസിൽ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ് പരീക്ഷകളുടെ തീയതി മാറ്റി. മെയ് 13ൽ നിന്ന് ജൂൺ എട്ടിലേക്കാണ് മാറ്റിയത്. കണക്ക് പരീക്ഷ മെയ് 31നാണ് നടക്കുക. പത്താംക്ലാസിൽ കണക്ക് പരീക്ഷ ജൂൺ രണ്ടിലേക്ക് മാറ്റി. നേരത്തെ ഇത് മെയ് 21ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. സയൻസ് പരീക്ഷ മെയ് 21ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.