ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ മാർക്ക് അപ്ലോഡ് ചെയ്യാൻ സ്‌കൂളുകൾക്ക് നൽകിയ സമയപരിധി ജൂൺ 30 വരെ നീട്ടി. മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്.

നേരത്തെ ജൂൺ 11-നകം മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാംവാരത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.സി വ്യക്തമാക്കിയിരുന്നു. സ്‌കൂളുകൾക്ക് നൽകിയ സമയപരിധി നീട്ടിയതോടെ പരീക്ഷഫലം പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായി.

സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും.

ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്‌കൂളുകളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മാനിച്ച് വിദ്യാർത്ഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്' സി.ബി.എസ്.ഇ കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് സന്യം ഭരദ്വാജ് അറിയിച്ചു.

കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ മെയ്‌ നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു. അതിനാലാണ് വിദ്യാർത്ഥികളുടെ അസൈന്മെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാർക്കും ഉപയോഗിച്ച് ഫലം മൂല്യനിർണയം നടത്താൻ ബോർഡ് തീരുമാനിച്ചത്.