മുംബൈ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കാൻ സാധ്യത. ഇക്കാര്യം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി മാറ്റിയേക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുകയെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

12ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാൻ സിബിഎസ്ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. 30:30:40 എന്ന അനുപാത പ്രകാരം ഫലം നിശ്ചയിക്കാനുള്ള ശുപാർശ ഈ സമിതി നൽകിയെന്നാണ് വിവരം. 10, 11 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30ശതമാനം വീതം വെയ്‌റ്റേജ് നൽകാനും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയ്‌റ്റേജ് നൽകാനുമാണ് ശുപാർശ.

റദ്ദാക്കിയ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം രണ്ട് ദിവസത്തിനകം പുറത്തിറക്കാനാണ് സാധ്യത. മാനദണ്ഡം രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട 13 അംഗ വിദഗ്ധസമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ചില അംഗങ്ങളുടെ ബന്ധുക്കൾ കോവിഡ് ബാധിതരായതോടെ കൂടുതൽ സമയം തേടുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിക്കാനായിരുന്നു ആദ്യത്തെ നിർദ്ദേശം. എന്നാൽ ബോർഡ് പരീക്ഷയുടെ മാർക്ക് കൂടി കണക്കിലെടുക്കണമെന്ന നിർദ്ദേശം കൂടി പിന്നാലെ വന്നു. ഒപ്പം പ്ലസ് വൺ ക്ലാസിലെ അവസാന മാർക്കും. ജൂലൈ പകുതിയോടെ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.

മാനദണ്ഡങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടാനാണ് ആലോചന. മുമ്പ് നടത്തിയ പരീക്ഷകളിൽ വിദ്യാർത്ഥികൾ നേടിയ മാർക്കുകൾ പരിഗണിച്ച് അവർക്ക് ഗ്രേഡുകൾ നൽകിയാൽ മതിയെന്ന് നിരവധി സിബിഎസ്ഇ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ വിദഗ്ധസമിതിയോട് പറഞ്ഞിട്ടുണ്ട്. ഇതുൾപ്പെടെയുള്ള ശുപാർശകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് കുറ്റമറ്റ രീതിയിൽ നൽകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുമായും അദ്ധ്യാപകരമായും നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ആശങ്ക അകറ്റാൻ ശ്രമിച്ചത്. പരീക്ഷ റദ്ദാക്കിയതിൽ ആശ്വാസമാണ് കൂടുതൽ പേർ പ്രകടിപ്പിച്ചത്. എന്നാൽ മാർക്ക് നിർണ്ണയം എങ്ങനെ എന്ന ആശങ്ക ഉയർന്നു. കുറ്റമറ്റ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും എന്ന ഉറപ്പാണ് നരേന്ദ്ര മോദി നൽകിയത്.

കോവിഡ് മഹാമാരി കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് അടുത്തതായി ഉയരുന്നത്. മെയ്‌ മാസത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ നടപടി തുടങ്ങാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. ഓഗസ്റ്റിൽ പരീക്ഷ നടത്താം എന്നതായിരുന്നു ധാരണ. എന്നാൽ ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ പരീക്ഷയ്ക്ക് സാഹചര്യമില്ല എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ.

സെപ്റ്റംബറിൽ ഇത് നടത്താനാകുമോ എന്ന ആലോചന യോഗത്തിൽ നടക്കും. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. മാറ്റി വച്ച രണ്ടുഘട്ട ജെഇഇ ടെസ്റ്റിന്റെ കാര്യത്തിലും തീരുമാനം എടുക്കണം. ഉന്നതതലത്തിൽ തന്നെ ഈ തീരുമാനങ്ങളും വരും എന്നാണ് സൂചന