തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു സർക്കാർ ഉടൻ കൈമാറില്ലെന്നു സൂചനയെന്ന് മനോരമ റിപ്പോർട്ട്. ഉന്നതതല നിർദ്ദേശത്തെ തുടർന്നു സെർവറിലെ ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതു നിർത്തിയെന്നതാണ് ഞെട്ടിക്കുന്ന വാർത്ത.

സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലും മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലും കയറിയിറങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനാണ് അവർ ചീഫ് സെക്രട്ടറിക്കു 18 ദിവസം മുൻപു കത്തു നൽകിയത്. എന്നാൽ അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കിയിരുന്നില്ല.ഈ പഴുതിൽ പിടിച്ചാണു ദൃശ്യങ്ങൾ തൽക്കാലം ശേഖരിച്ചു സൂക്ഷിക്കേണ്ടതില്ലെന്ന നിലപാട് ഉന്നതതലത്തിൽ കൈക്കൊണ്ടത്.

അതായത് എപ്പോൾ വേണമെന്ന് പറഞ്ഞാൽ മാത്രമേ ദൃശ്യ ശേഖരണം തുടങ്ങൂ. നേരത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സ്വർണ്ണ കടത്തിൽ പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് കിട്ടിയത്. സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നതിന് തെളിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ജലീലിനെതിരെ കുരുക്കുകൾ മുറുകുകയും ചെയ്തു. ഇതോടെയാണ് സിസിടിവിയിൽ സർക്കാർ പതിയെ പിന്മാറുന്നത് എന്ന് വേണം വിലയിരുത്താൽ. ഇത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്യും.

പ്രതികളുടെ മൊഴികളിൽ നിന്നു തന്നെ സ്വപ്നയും മറ്റു ചില പ്രതികളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഓഫിസിൽ പലവട്ടം വന്നുപോയതായി വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മറ്റൊരു ഉദ്യോഗസ്ഥനും എൻഐഎയുടെ സംശയനിഴലിലാണ്. അദ്ദേഹത്തെ കാണാനും സ്വപ്ന എത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിപ്രധാന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

സെക്രട്ടേറിയറ്റിലും അനക്‌സ് മന്ദിരങ്ങളിലുമായി 83 ക്യാമറകളാണുള്ളത്. ഇതിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകൾ കഴിഞ്ഞ മേയിൽ ഒരാഴ്ചയോളം കേടായിരുന്നുവെന്നു പൊതുഭരണ വകുപ്പിലെ അഡീഷനൽ സെക്രട്ടറി എൻഐഎയെ അറിയിച്ചിരുന്നു. ഇടിമിന്നലായിരുന്നു കേടാകാൻ കാരണമായി പറഞ്ഞത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഐടി വകുപ്പിലേക്കുള്ള ആളുകളുടെ യാത്ര ദൃശ്യങ്ങൾ പതിയുന്ന ക്യമാറയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലുണ്ടായിരുന്നത്.

അതൊഴികെയുള്ള എല്ലാ ദൃശ്യവും അവിടെയുണ്ടെന്നും പറഞ്ഞിരുന്നു. അതിനിടെയാണു ദൃശ്യം തൽക്കാലം കൈമാറേണ്ടതില്ലെന്ന ധാരണ ഉന്നതതലത്തിൽ ഉണ്ടായത്. ആദ്യം ഏതാനും ദിവസം ദൃശ്യങ്ങൾ ശേഖരിക്കുന്ന നടപടി കൺട്രോൾ റൂമിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പെട്ടെന്ന് ദൃശ്യശേഖരണം നിർത്തിയത്. ഇനി എൻഐഎ എന്ന് വേണമെന്ന് ആവശ്യപ്പെട്ടാൽ അന്ന് വീണ്ടും ശേഖരണം തുടങ്ങും. അല്ലാത്ത പക്ഷം വീഡിയോ നൽകുകയുമില്ലെന്നാണ് സൂചന.