കൊച്ചി: കോവിഡ് രോഗികളുടെ കോൾ ഡീറ്റേയ്ൽസ് റെക്കോഡ് ശേഖരിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ സർക്കാരിന് മനംമാറ്റം. കോവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. നിലവിൽ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി കോൾ ഡേറ്റാ റെക്കോഡുകൾ ആവശ്യമില്ല. വിവരശേഖരണത്തിനായി ടവർ ലൊക്കേഷൻ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കി.കോവിഡ് രോഗികൾ ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും സമ്പർക്കപ്പട്ടിക കണ്ടെത്താനുമാണ് ഇത്. അതുകൊണ്ടു തന്നെ ഭരണഘടനാ ലംഘനം നടക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്‌നമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, വ്യക്തികളുടെ ടവർ ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീകരണം നൽകാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷികളാക്കിയാണു ഹർജി കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം: ചെന്നിത്തല

സിഡിആർ ശേഖരിക്കൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നു ചൂണ്ടിക്കാണിച്ചാണു പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതു ഭരണഘടനാ വിരുദ്ധമാണ്. ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രം ശേഖരിച്ചാൽ മതിയാകുമെന്നുമായിരുന്നു ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടത്.രോഗബാധിതരുടെ സമ്പർക്ക വിവരങ്ങൾ വിവരങ്ങൾ കൈമാറുമ്പോൾ ആരുടേതാണെന്ന് തിരിച്ചറിയാത്ത വിധമാക്കണമെന്ന കേന്ദ്രസർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. കൈമാറുന്ന വിവരങ്ങൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് വാണിജ്യാവശ്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ മതിയാകുമെന്നിരിക്കെയാണ് രോഗബാധിതരുടെ അനുമതി വാങ്ങാതെയുള്ള നിയമവിരുദ്ധ നടപടി. അതിനാൽ സർക്കുലർ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.

രോഗം വരുന്നത് ആരുടെയും കുറ്റമല്ലെന്നും അവർ അനുകമ്പഅർഹിക്കുന്നവരാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. മൊബൈൽ ഫോൺ വിവര ശേഖരണം ഏതറ്റം വരെ പോകുമെന്നോ ഏതെല്ലാം രീതികളിൽ ഉപയോഗിക്കപ്പെടുമെന്നോ പറയാനാകില്ലെന്ന വിമർശനവുമായി വിവിധ മേഖലകളിലുള്ളവരും രംഗത്ത് എത്തിയിരുന്നു.

സിഡിആർ ശേഖരിക്കുന്നത് സുരക്ഷയ്ക്കായി എന്ന് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ സിഡിആർ വിവരങ്ങൾ മാസങ്ങളായി ശേഖരിക്കുന്നുണ്ടെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്. ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരശേഖരണത്തിന് അനുമതിയുണ്ട്.

പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിൽ സിഡിആർ ശേഖരിച്ച് വിവരങ്ങൾ കണ്ടെത്തുന്നത്. കോൺടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ബിഎസ്എൻഎൽ, വോഡോഫോൺ എന്നീ സർവീസ് ദാതാക്കളിൽനിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇന്റലിജന്റ്‌സ്), പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവരോട് നിർദ്ദേശിച്ച് ഓഗസ്റ്റ് 11 ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു.