ലഖ്നൗ: രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ഓരോ രാജ്യസ്‌നേഹിക്കുമുണ്ടായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരനും കഠിനാധ്വാനിയുമായ ബിപിൻ റാവത്ത് രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാൻ പ്രയത്‌നിച്ച ആളാണ്, രാജ്യം അതിന് സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബലരാംപൂരിൽ സരയു നുഹാർ ജലസേചന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഡിസംബർ എട്ടിന് ഹെലികോപ്ടർ തകർന്നു മരിച്ച എല്ലാ ധീരപോരാളികൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം എല്ലാ രാജ്യസ്നേഹികളുടെയും നഷ്ടമാണ്. അദ്ദേഹം ധീരനായിരുന്നു. രാജ്യത്തിന്റെ സായുധസേനയെ സ്വയംപര്യാപ്തമാക്കുന്നതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ചു'- മോദി പറഞ്ഞു.

'ഒരു സൈനികൻ അയാൾ പട്ടാളത്തിൽ ജോലി ചെയ്യുന്ന കാലത്ത് മാത്രമല്ല സൈനികനായിരിക്കുന്നത്, ജീവിച്ചിരിക്കുന്നടുത്തോളം കാലം അയാൾ യോദ്ധാവ് തന്നെയാണ്. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി തന്റെ ഓരോ നിമിഷവും മാറ്റിവയ്ക്കുന്നവനാണ് സൈനികൻ. ഹെലിപോക്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു'. മോദി കൂട്ടിച്ചേർത്തു.

ജനറൽ ബിപിൻ റാവത്ത് ഇപ്പോൾ എവിടെയായിരുന്നാലും വരും നാളുകൾ ഭാരതം മുന്നോട്ട് കുതിക്കുന്നത് അദ്ദേഹത്തിന് കാണാനാകും. രാജ്യം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു, പക്ഷേ മുന്നോട്ടുള്ള യാത്രയിൽ നമ്മൾ നിന്നുപോകില്ല. ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യും, നമ്മൾ ഭാരതീയർ ഒന്നിച്ചു നിന്ന് പ്രതിബന്ധങ്ങളെ അതിജീവിക്കും, അത് രാജ്യത്തിന് അകത്തു നിന്നുള്ളതായാലും പുറത്ത് നിന്നുള്ളതായാലും സകല വെല്ലുവിളികളെയും നേരിടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബൽറാംപുരിലെത്തിയ പ്രധാനമന്ത്രി, സരയൂ കനാൽ നാഷണൽ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഏകദേശം 29 ലക്ഷം കർഷകർക്ക് ജലസേചനത്തിന് സഹായമാകുന്ന പദ്ധതി, 14 ലക്ഷത്തിലധികം ഹെക്ടർ ഭൂമിയിലേക്ക് ജലമെത്തിക്കും. ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.