തിരുവനന്തപുരം: കുളത്തൂപ്പുഴ തെന്മലയിലെ റോക്ക് വൂഡ് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമി പേരിലുള്ളതാണോ എസ്‌റ്റേറ്റ് എന്നാണ് അന്വേഷണം നടക്കുന്നത്. ബിനീഷിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വന്നപ്പോഴാണ് കുളത്തൂപുഴയിലെ റോക്ക് വൂഡ് എസ്റ്റേറ്റും കൂടി അന്വേഷണ പരിധിയിൽ വന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് റോക്ക് വൂഡ് എസ്റ്റേറ്റിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കുളത്തൂർപുഴ തെന്മലയിൽ ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലാണ് റോക്ക് വൂഡ് എസ്റ്റേറ്റ്. തെന്മല-തിരുവനന്തപുരം റൂട്ടിൽ 14 കിലോമീറ്റർ അകത്തേക്ക് കയറിയാണ് എസ്റ്റേറ്റ്. വനഭൂമിയുടെ ഒത്ത നടുവിൽ ആണ് 3800 ഏക്കറിൽ പുരാതന ബംഗ്ലാവ് കൂടി ഉൾപ്പെടുന്നതാണ് ഈ എസ്റ്റേറ്റ്.

ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത ടീ എസ്റ്റേറ്റാണ് റോക്ക് വുഡ്. കുളത്തൂപ്പുഴയിൽ നിന്നൂം വനത്തിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ റോക്ക് വുഡ് എസ്‌റ്റേറ്റിലെത്താം. ഇവിടെ ബ്രിട്ടീഷുകാർ പണിത ബംഗ്ലാവുമുണ്ട്.

ദുബായിൽ വേരുകളുള്ള പ്രവാസി വ്യവസായിയാണ് ഈ എസ്റ്റെറ്റിന്റെ ഉടമ എന്നാണ് സൂചന. ഈ പ്രവാസി വ്യവസായിയും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധമാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. ഈ എസ്റ്റേറ്റിലെ സ്ഥിരം സന്ദർശകർ ആണ് ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും. പ്രവാസി വ്യവസായിയുടെ പേരിലുള്ള ഈ എസ്റ്റേറ്റ് ബിനീഷിന്റെ ബിനാമി പേരിലാണോ എന്നാണ് അന്വേഷണം നടക്കുന്നത്.

ബിനീഷിനും ബിനോയിക്കും ദുബായിൽ എല്ലാ സഹായങ്ങൾക്കും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് ഈ പ്രവാസി വ്യവസായി. ബിനീഷ്-ബിനോയ് കോടിയേരിമാർ ഈ എസ്റ്റേറ്റിലെ സ്ഥിരം സന്ദർശകരുമാണ്. വർഷങ്ങൾക്ക് മുൻപാണ് ഈ എസ്റ്റെറ്റിന്റെ ക്രയവിക്രയം നടക്കുന്നത്. ഈ കൈമാറ്റത്തിലാണ് എസ്റ്റേറ്റ് വ്യവസായിയുടെ കൈകളിൽ എത്തുന്നത്. കോടികളാണ് വർഷങ്ങൾക്ക് മുൻപുള്ള ഈ ഇടപാടിൽ കൈമറിഞ്ഞിരിക്കുന്നത്. കുരുമുളക്, കാപ്പി, കശുമാവ്, ഏലം, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകൾ ഇവിടെ സമൃദ്ധമാണ്. വിവാദ സ്വർണ്ണക്കടത്ത് കേസ് വന്നതോടെയാണ് ബിനീഷ് കോടിയേരിയും സ്വപ്നാ സുരേഷും തമ്മിലും ബിനീഷും ലഹരിമരുന്നു കടത്തിലെ മുഹമ്മദ് അനൂപും തമ്മിലുള്ള ബന്ധമൊക്കെ മറനീക്കി പുറത്ത് വന്നത്.

ഇതോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് ബിനീഷിന്റെ കള്ളപ്പണ ഇടപാടും ബിനാമി ഇടപാടുമൊക്കെ അന്വേഷണ വിധേയമാക്കിയത്. ഈ അന്വേഷണത്തിലാണ് ബിനീഷിന്റെ കാർ പാലസ് ബന്ധവും പാരഗൺ ഹോട്ടൽ ബന്ധവും യുഎഫ്എക്സ് സൊലൂഷൻസ് ബന്ധത്തിന്റെയൊക്കെ വിശദാംശങ്ങൾ പുറത്ത് വന്നത്. ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇഡി നടത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങൾ ആണ് ഇഡി പരിശോധിക്കുന്നത്. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വരുമാനം സംബന്ധിച്ച കണക്കെടുപ്പുമാണ് അന്വേഷണ പരിധിയിൽ ഉള്ളത്.

ഇതേ അന്വേഷണത്തിലാണ് മംഗലാപുരം സുള്ള്യയിൽ ഏക്കർ കണക്കിന് ഭൂമി ബിനേഷിന്റെ പേരിൽ ഉണ്ടെന്ന വിവരം ഇഡിക്ക് ലഭിക്കുന്നത്. ജലീലിന്റെ അസിസ്റ്റന്റ്‌റ് പ്രൈവറ്റ് സെക്രട്ടറി എം.രാഘവനെ നേർക്കും ഇഡിയുടെ ദൃഷ്ടി പതിയുന്നതും ഇതേ ഭൂമി ഇടപാടിൽ ഇവർക്കുള്ള ബന്ധത്തിന്റെ പേരിലാണ്. ബിനീഷ്-രാഘവൻ കൂട്ട് കേട്ട് ശക്തമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകളിൽ നിന്ന് ഇഡിക്ക് ബോധ്യമായിട്ടുണ്ട്. ഭൂമി ഇവരുടെ പേരിലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പക്ഷെ ഈ ഭൂമി ഇടപാടുമായി ബിനീഷ്-രാഘവൻ കൂട്ടുകെട്ടിനു ബന്ധമുണ്ട് എന്നാണ് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിൽ രാഘവനെ കൂടി ചോദ്യം ചെയ്യാൻ ഇഡിയുടെ നീക്കമുണ്ട്. ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാഘവനെ കൂടി ഇഡി ചോദ്യം ചെയ്‌തേക്കും. ബംഗളൂരുവിൽ പഠിക്കാൻ പോയ രാഘവന്റെ മകനും ബിനീഷിനും തമ്മിൽ ബന്ധമുണ്ടെന്ന വിവരവും ഇഡിക്ക് ലഭിച്ചതായി സൂചനയുണ്ട്. അതോടൊപ്പം ജലീലുമായി ബന്ധപ്പെട്ട ദുരൂഹമായ യുഎഇ കോൺസുലേറ്റ് ഇടപാടിൽ രാഘവന്റെ മകന് പങ്കുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് റോക്ക് വുഡ് എസ്റ്റെറ്റിലേക്കും അന്വേഷണം നീളുന്നത്.