കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം. ചാനൽ ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തിൽ ചാനൽ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തൽക്കാലം സംപ്രേഷണം നിർത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി.

മീഡിയവൺ എഡിറ്ററുടെ പ്രസ്താവനയുടെ പൂർണരൂപം:

പ്രിയ പ്രേക്ഷകരെ,

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.

ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.

നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

പ്രമോദ് രാമൻ
എഡിറ്റർ,
മീഡിയവൺ

നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേഷണം തടഞ്ഞത്.വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.

ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായ പി.ആർ സുനിൽ കലാപം നിരന്തരം റിപ്പോർട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരുന്നത്. മീഡിയ വണ്ണിന്റെ ഡൽഹി കറസ്പോൺണ്ടന്റ് ടെലിഫോൺ വഴി കലാപം റിപ്പോർട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസിലുണ്ടായിരുന്നു.