കൊൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്ഷേപം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തത്. മതിയായ രേഖകളില്ലാത്തതിനാൽ 25ന് അപേക്ഷ തള്ളിയെന്നും കേന്ദ്രം വ്യക്തമാക്കി.

അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതിയത് മിഷണറീസ് ഓഫ് ചാരിറ്റി തന്നെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയും മമതയുടെ ആരോപണം തള്ളി. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് വിശദമാക്കുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിൽ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാർ പറയുന്നു.ബാങ്കിലൂടെയുള്ള ഇടപാടുകൾ സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാർ വിശദമാക്കി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് അക്കൗണ്ടുകൾ മരവിപ്പിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു. ക്രിസ്മസ് ആഘോഷവേളയിൽ മദർ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു. കേന്ദ്രസർക്കാർ നീക്കം ഞെട്ടിച്ചു. 22,000 രോഗികളെയാണ് ഇത് ബാധിക്കുക. ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥയിലാണ് അവർ'- മമത ബാനർജിയുടെ ട്വീറ്റ് ഇങ്ങനെ.നിയമമാണ് പ്രധാനമെങ്കിലും മനുഷ്യത്വപരമായ പ്രവൃത്തികളിൽ വീട്ടുവീഴ്ച പാടില്ലെന്നും മമത കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ നീക്കത്തെ കൊൽക്കത്ത അതിരൂപത അപലപിച്ചു. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാതിരുന്ന കേന്ദ്രസർക്കാർ നീക്കം മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ആളുകൾക്ക് നൽകിയ ക്രൂരമായ ക്രിസ്മസ് സമ്മാനമാണിത്. മിഷനറീസ് ഓഫ് ചാരിറ്റിയെ നേരിട്ട ആശ്രയിച്ച് കഴിയുന്ന 22,000 പേർക്ക് പുറമേ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും ഇത് തടസം സൃഷ്ടിക്കുമെന്നും ഫാ.ഡൊമിനിക് ഗോമസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ വർഷം ഓഗസ്റ്റിൽ ദേശീയ ശിശു സംരക്ഷണ സമിതി ചെയർമാൻ ഗുജറാത്തിലെ അഗതി മന്ദിരത്തിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന് ശേഷം മന്ദിരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ചെയർമാൻ ജില്ലാ കലക്ടർക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ ഉയരുന്നതും കേസെടുക്കുന്നതും.

ഇവിടുത്തെ അഗതിമന്ദിരത്തിലെ പെൺകുട്ടികളെ മതം മാറ്റുന്നതായാണ് പൊലീസിന് ലഭിച്ച പരാതി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുണ്ടെന്നും കുരിശ് ധരിക്കാൻ നിർബന്ധിക്കുകയുമാണെന്നുമാണ് പരാതിയിൽ ആരോപിക്കുന്നതെന്നാണ് നേരത്തെ കേസെടുത്ത പൊലീസ് വ്യക്തമാക്കിയത്. മന്ദിരത്തിലെ ലൈബ്രറിയിൽ നിന്ന് ബൈബിളിന്റെ 13 കോപ്പി കണ്ടെത്തിയെന്നും യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നതായി സംശയിക്കുന്നെന്നും ദേശീയ ശിശു സംരക്ഷണ സമിതി ചെയർമാൻ പറഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു.

യുവതികളെ മറ്റ് മതത്തിലുള്ളവരുമായി ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നതായും പരാതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഒരു പെൺകുട്ടി കളക്ടറുടെ അനുമതിയില്ലാതെ മതം മാറിയെന്നത് വ്യക്തമായിട്ടുണ്ടെന്നും പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ അഗതി മന്ദിരത്തിനെതിരെയുള്ള നിർബന്ധിത മതപരിവർത്തന ആരോപണം സ്ഥാപന മേധാവി സിസ്റ്റർ റോസ് തേരേസ നിഷേധിച്ചിരുന്നു. ബാലവേലയിൽ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.