പശ്ചിമ ബംഗാൾ: രാജിവെച്ച പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിക്ക് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല, യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നൽകിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം മുൻ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

മമതാ ബാനർജിയുടെ വിശ്വസ്തനായ ആലാപൻ ബന്ദോപാധ്യായയെ രാജിവെച്ചയുടൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെടുക്കാതിരിക്കാൻ തക്ക കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് കാട്ടി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രം നോട്ടീസ് നൽകിയിരിക്കുകയാണ്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. അതേസമയം, ആലാപൻ ബന്ദോപാധ്യായക്കെതിരെയുള്ള ഏതൊരു നടപടിയെയും പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് മമത ബാനർജി.

സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെ തുടർന്ന് കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ ആലാപൻ ബന്ദോപാധ്യായ സ്വയം വിരമിച്ചിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി അദ്ദേഹം നിയമിതനായത്. ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നന്ദ്രേ മോദിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു നീക്കം. നിലവിലെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് അയയ്ക്കാൻ സാധിക്കില്ലെന്ന് മമത കത്തിൽ വ്യക്തമാക്കിയിരുന്നു.

ബന്ദോപാധ്യായയോട് ഇന്നലെ രാവിലെ പത്തുമണിക്ക് ഡൽഹിയിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു വിരമിക്കലും പുതിയ പോസ്റ്റിങും.