ഡൽഹി: കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് കേന്ദ്രം മുൻകൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 240. 6 കോടി രൂപ കേരളത്തിന് കിട്ടും. കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് കേന്ദ്രം ഗ്രാൻഡ് മുൻകൂറായി നൽകിയത്.

അതേസമയം, 24 മണിക്കൂറിനിടെ നാല് ലക്ഷത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയെട്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം തുടർച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. 4092 പേർ ഇന്നലെ മാത്രം മരിച്ചു. മുപ്പത്തിയേഴ് ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. ഇതിൽ അൻപതിനായിരം പേർ ഐസിയുവിലും, പതിനാലായിരം പേർ വെന്റിലേറ്ററിലുമാണെന്ന് ആരോഗ്യമന്ത്രാലയം ഇതാദ്യമായി അറിയിച്ചു.

13 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോൾ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കിൽ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.