കണ്ണൂർ: കാസിയ എന്ന വിഷക്കറുവപ്പട്ടക്കെതിരെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ നടപടി വരുന്നു. രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ആയുർവേദ മരുന്നു നിർമ്മാണത്തിലും സദ്യവട്ടങ്ങളിലും ഇത് ഉപയോഗിക്കപ്പെടുന്നതിനെതിരെ കണ്ണൂർ സ്വദേശി ലിയോണാഡ് ജോൺ നൽകിയ പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി നിർദ്ദേശം. രാജ്യത്ത് ഏറ്റവും കൂടുതൽ കാൻസർ ലിവർ രോഗികളുള്ളത് കേരളത്തിലാണെന്നും കേരളത്തിലെ സദ്യവട്ടങ്ങളിൽ വ്യാജ കറുവപ്പട്ടയാണ് ഉപയോഗിക്കപ്പെടുന്നതെന്നുമുള്ള യാഥാർത്ഥ്യം ലിയോണാർഡ് ജോണാണ് നിരന്തരമായി പരാതി നൽകിയത്.

ആയുർവേദ മരുന്നുകളിലും ഫാസ്റ്റ്ഫുഡ്ഡിലും കാസിയയുടെ ഉപയോഗം നിർബാധം തുടരുകയാണ്. അതിനാൽ വിഷക്കറുവപ്പട്ടക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷനിൽ നിന്നും ലിയോണാർഡ് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. വിജിലൻസ് കമ്മീഷണറാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പിന് നടപടിയെടുക്കാനുള്ള ശുപാർശ നൽകിയത്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ നടത്തിയ ഒരു പഠനത്തിൽ കരൾ രോഗികളിൽ 1400 പേരും കാസിയ ഉൾപ്പെടുന്ന മരുന്നും ഭക്ഷ്യവസ്തുക്കളും കഴിക്കുന്നവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2015 ൽ ലിയോണാർഡ് ജോണിന്റെ പരാതിയിൽ കറുവപ്പട്ടക്ക് പകരം കാസിയ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് കാസിയയുടെ ഇറക്കുമതി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും കൊച്ചി , മംഗലാപുരം തുറമുഖം ഒഴിച്ച് രാജ്യത്തെ ആറ് പ്രമുഖ തുറമുഖങ്ങളിലൂടെ കാസിയ ഇറക്കുമതി ചെയ്യപ്പെട്ടു. അതു വഴി കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കാസിയ കറുവപ്പട്ടയുടെ പേരിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിജിലൻലസ് കമ്മീഷണർ മുമ്പാകെ ലിയോണാർഡ് ജോൺ പരാതി ബോധിപ്പിച്ചത്.

2003 ലെ പാർലിമെന്ററി നിയമപ്രകാരം എക്സിക്യൂട്ടീവ് അധികാരമുള്ള കേന്ദ്ര വിജിലൻസ് കമ്മീഷണറാണ് ഇപ്പോൾ ഇന്ത്യയിലെ നിയമവിരുദ്ധ കാസിയ വിപണനത്തിനെതിരെ നടപടികൾ കൈക്കൊള്ളാത്ത മറ്റ് വകുപ്പുകളോട് നടപടിയെടുക്കാൻ ആവശ്യപ്പെടുന്നത്. 2007 ൽ കാസിയ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്പൈസസ് ബോർഡിന് അയച്ച പരാതി 2016 ലാണ് ഇറക്കുമതി നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവായി വന്നത്. സ്പൈസസ് ബോർഡ് യഥാസമയം നടപടിയെടുത്തിരുന്നുവെങ്കിൽ രാജ്യത്തുള്ള ജനങ്ങൾ ഇത്രയും കാലം ആരോഗ്യത്തിന് ഹാനികരമായ കാസിയ കഴിക്കേണ്ടി വരില്ലായിരുന്നു.

ലോകത്ത് ആവശ്യമായതിന്റെ 85 ശതമാനം കറുവപ്പട്ടയും ഉത്പ്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ്. 15 ശതമാനമാണ് കേരളത്തിന്റെ ഉത്പ്പാദനം. അതും നാൾക്കുനാൾ കുറഞ്ഞ് വരികയാണ്. കറുവപ്പട്ടയുടെ സ്ഥാനത്ത് കാസിയ എന്ന അപകടകാരി ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും സുഗന്ധ വ്യഞ്ജനമായി മാറിയിരിക്കുന്നു. കാസിയ എന്ന മാരകവിഷം നമ്മുടെ സദ്യവട്ടങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് ലിയോണാർഡ് ജോൺ പറയുന്നു.

മലയാളിയുടെ സദ്യവട്ടങ്ങളിൽ സുഗന്ധ വ്യഞ്ജന കൂട്ടിനൊപ്പം എത്തുന്നത് ഭൂരിഭാഗവും കോമറിൻ എന്ന വിഷമായ കാസിയയാണ്. വിദേശങ്ങളിൽ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ഒറ്റനോട്ടത്തിൽ കറുവപ്പട്ടയാണെന്നേ തോന്നൂ. കാൻസറും ഗുരുതരമായ വൃക്കരോഗങ്ങളും കാസിയയുടെ ഉയോഗം മൂലം ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുള്ളതായി ലിയാനോർഡ് ജോൺ പറയുന്നു. സാധാരണ ഗതിയിൽ ഗരം മാസലയിൽ ചേർത്തും പട്ടയായും കാസിയ മാർക്കറ്റിൽ സുലഭമാണ്. യഥാർത്ഥ കറുവപ്പട്ടക്ക് ബ്രൗൺ നിറവും നേരിയ തൊലിയുമായിരിക്കും. മിതമായ ഗന്ധം മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ.

എന്നാൽ കാസിയ കറുപ്പു കലർന്ന പട്ടയാണ്. രൂക്ഷമായ ഗന്ധവുമുണ്ടാകും. ഇതാണ് യഥാർത്ഥ കറുവപ്പട്ടയെന്ന ധാരണയാണ് സാധാരണ വീട്ടമ്മമാരിൽ ഉണ്ടാകാറുള്ളത്. അതുകൊണ്ടു തന്നെ മാരകമായ ഈ കറുവപ്പട്ട ഗരം മസാലയോടൊപ്പവും പട്ട വാങ്ങിപ്പൊടിച്ചും കറികളിലും മാംസാഹാരത്തിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. അറിയാതെ മാരക രോഗത്തിലേക്ക് അടുക്കുകയാണ് ഇതിലൂടെ മലയാളി സമൂഹം.

വിലയിലെ വൻ അന്തരമാണ് കറുവപ്പട്ടക്ക് പകരം കാസിയ ഇറക്കുമതി ചെയ്യാൻ ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുന്നത്. ചൈന , ഇന്തോനേഷ്യ, ശ്രീലങ്ക, എന്നിവിടങ്ങളിൽ നിന്നാണ് കാസിയ കേരളത്തിലേക്ക് എത്തിച്ചേരുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ് നേരത്തെ കാസിയ എത്തിച്ചേർന്നത്. അത് ശരിവെക്കും വിധം സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുമുതൽ പ്രാദേശിക പലചരക്കു കടകൾ വരെ വൻ തോതിൽ ഗരം മസാലയുടേയും കറവപ്പട്ടയുടേയും പേരിൽ കാസിയ വിപണനം ചെയ്യപ്പെടുകയാണ്.