ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി വാങ്ങിയതിനു ശേഷമാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ.

പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ് യോഗം ഒഴിവാക്കിയതെന്ന മമതയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

യാസ് ചുഴലിക്കാറ്റ് അവലോകനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗം മമത ബഹിഷ്‌കരിച്ചത് വലിയ രാഷ്ട്രീയവിവാദത്തിനും കേന്ദ്രസർക്കാർ-മമതാ സർക്കാർ പോരിനും വഴിവെച്ചിരുന്നു. മമതയ്ക്ക് യോഗത്തിൽനിന്ന് പങ്കെടുക്കാതിരിക്കാനുള്ള അനുമതി പ്രധാനമന്ത്രി നൽകിയിരുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

പ്രധാനമന്ത്രി തന്നെ കാത്തുനിർത്തിച്ചെന്ന മമതയുടെ വാദം പൂർണമായി തെറ്റാണെന്നും അവരാണ് പ്രധാനമന്ത്രിയെ കാത്തുനിർത്തിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

യോഗത്തിലെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കാരണമാണ് മമത യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു

അതേ സമയം യോഗത്തിൽ നിന്നും വിട്ടുനിന്ന ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയ്ക്ക് എതിരെ നടപടിക്ക് സാധ്യത ഏറി. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ആലാപൻ ബന്ദോപാധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകി.

ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശം പാലിക്കാൻ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. മതിയായ കാരണമില്ലാതെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രധാന യോഗത്തിൽനിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിലാണിത്. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ആയിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം. ദേശീയ ദുരന്ത നിവാരണ സമിതിയുടെ ചെയർമാൻ എന്ന നിലയിലാണ് പ്രധാനമന്ത്രി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. യോഗത്തിൽ പങ്കെടുക്കാനുള്ള ബാധ്യത ബംഗാൾ ചീഫ് സെക്രട്ടറിക്ക് ഉണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.

യോഗത്തിൽനിന്ന് വിട്ടുനിന്നതിന് മൂന്ന് ദിവസങ്ങൾക്കകം വിശദീകരണം നൽകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ദോപാധ്യായയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹം നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ ഉണ്ടാവുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഒരു വർഷംവരെ തടവും പിഴയും ലഭിക്കാം.

ഉത്തരവാദിത്വപ്പെട്ട വ്യക്തി നിർദ്ദേശങ്ങൾ പാലിക്കാത്തതുമൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായാൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ദുരന്ത നിവാരണ നിയമ പ്രകാരം ഒരു ഉദ്യോഗസ്ഥനെ എന്തെങ്കിലും ചുമതല ഏൽപ്പിച്ചാൽ അദ്ദേഹം അതിൽനിന്ന് വിട്ടുനിൽക്കുന്നതിന് മേലധികാരിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം ഒരു വർഷംവരെ തടവും പിഴയും ലഭിക്കുമെന്നും ദുരന്ത നിവാരണ നിയമത്തിലെ 56-ാം വകുപ്പും വ്യക്തമാക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.