ന്യൂഡൽഹി: പുതിയ പാർലമെന്റ് സമുച്ചയം സെൻട്രൽ വിസ്തയുടെ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സെൻട്രൽ വിസ്ത രാജ്യത്തിന് സുപ്രധാനമാണെന്നും നിർമ്മാണം യഥേഷ്ടം തുടരാമെന്നും ജസ്റ്റിസുമാരായ ഡി.എൻ. പട്ടേലും ജ്യോതി സിങ്ങും ഉത്തരവിട്ടു.

കോവിഡ് രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്. ഈ ഹർജി തള്ളുകയും ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമ്മാണം നടക്കുന്ന ഇടത്തുതന്നെയാണ്. അതിനാൽ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമ്മാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

തലസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ തുടങ്ങാമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ വിധി നിർമ്മാണ പ്രവർത്തനത്തിനു സുപ്രധാനമായിരുന്നു.

രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്.

എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പിഴയോട് കൂടി ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു.

തൊഴിലാളികളെ ഒരാളെ പോലും പദ്ധതി പ്രദേശത്തു നിന്ന് പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല. രാജ്യ തലസ്ഥാനത്തെ സെൻട്രൽ വിസ്ത പ്രൊജക്ടിൽ പുതിയ പാർലമെന്റ് മന്ദിരം അടക്കമാണ് നിർമ്മിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വലിയ വിമർശനം ഉയർത്തിയിരുന്നു.